
രാഹുൽ ഹമ്പിൾ സനൽ
മാധവിക്കുട്ടിയായി അഭിനയിക്കുന്ന മഞ്ജു വാര്യർക്ക് മാധവിക്കുട്ടിയുടെ ഛായ ഇല്ല എന്ന് വാദിക്കുന്നവരോട്, മഞ്ജു വാര്യർ മാധവികുട്ടി ആയി അഭിനയിക്കുന്നു എന്നത് തന്നെയാണ് ആ സിനിമയുടെ പ്രത്യേകത. മഞ്ജു വാര്യരിൽ നിന്നു കൊണ്ട് മാധവിക്കുട്ടി ആകാനേ കഴിയൂ എന്ന് സാരം. ഇനി മുഖഛായ വെച്ച് ആണ് നായികയെ തിരഞ്ഞെടുക്കേണ്ടിയിരുന്നത് എങ്കിൽ മാധവിക്കുട്ടിയുമായി സാദൃശ്യം ഉള്ള ആയിരം പേരെ കിട്ടുമായിരുന്നു. ആദ്യം നിശ്ചയിരുന്ന വിദ്യാ ബാലന് പോലും മാധവികുട്ടിയുമായി ഒരു സാദൃശ്യവും ഇല്ല. ആരും അത് വിവാദം ആക്കിയിരുന്നുമില്ല.
മമ്മൂട്ടി മതിലുകളിലും, ബാല്യകാല സഖിയിലും വൈക്കം മുഹമ്മദ് ബഷീറായി അഭിനയിച്ചപ്പോൾ എന്ത് സാദൃശ്യം ആയിരുന്നു ഉണ്ടായിരുന്നത്? ഒരു സിനിമയിൽ അശോകനും ബഷീറായി അഭിനയിച്ചിരുന്നു. ഒരു മുഖ സാദൃശ്യവും ഉണ്ടായിരുന്നില്ല. ചരിത്രത്തിൽ ഉയര കുറവുള്ള പഴശ്ശിരാജയുമായി എന്ത് സാദൃശ്യമായിരുന്നു മമ്മൂട്ടിക്ക് ഉണ്ടായിരുന്നത്. സഖാവ് വർഗീസായി തലപ്പാവിൽ അഭിനയിച്ച പൃഥ്വിരാജിനും വർഗീസുമായി ഒരു സാദൃശ്യവും ഉണ്ടായിരുന്നില്ല.
ക്രോണിക്ക് ബാച്ചിലർ എന്ന സിനിമയിൽ നാല്പത് പിന്നിട്ട ഇടവേള ബാബു അമ്പത് പിന്നിട്ട ഇന്നസെന്റിന്റെ ചെറുപ്പകാലം അഭിനയിച്ചതിന്റെ ലോജിക്ക് ഇല്ലായ്മയുടെ അത്ര വരുമോ ഇത്? ഈ അടുത്ത കാലത്ത് തമിഴിൽ പവർ പാണ്ടി എന്നൊരു സിനിമ ഇറങ്ങി. അതിൽ നായകനായി അഭിനയിച്ച രാജ് കിരണിന്റെ ചെറുപ്പകാലം അഭിനയിച്ചത് രാജ് കിരണുമായി ഒരു മുഖസാദൃശ്യവും ഇല്ലാത്ത ധനുഷ് ആയിരുന്നു…
അത് കൊണ്ട് മഞ്ജു വാര്യരെ വെറുതേ വിടുക. അവർ അഭിനയിക്കട്ടെ.
