മല്യയുടെ ആരോപണം അന്വേഷിക്കണം; ജെയ്റ്റ്‌ലി രാജിവെക്കണം-രാഹുല്‍

  • Post category:news
  • Reading time:1 min read
You are currently viewing മല്യയുടെ ആരോപണം അന്വേഷിക്കണം; ജെയ്റ്റ്‌ലി രാജിവെക്കണം-രാഹുല്‍

ന്യൂഡല്‍ഹി: രാജ്യം വിടുന്നതിന് മുമ്പ് വിജയ്മല്യ ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിടണമെന്ന് പ്രധാനമന്ത്രിയോട് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിജയ് മല്യയാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. വിഷയത്തില്‍ പ്രധാനമന്ത്രി സ്വതന്ത്രമായ അന്വഷണം പ്രഖ്യാപിക്കണമെന്നും മന്ത്രി പദം ഒഴിഞ്ഞു കൊണ്ട് അരുണ്‍ ജയ്റ്റ്‌ലി അന്വേഷണം നേരിടണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. വിജയ്മല്യയുടെ വെളിപ്പെടുത്തല്‍ എത്തിയതിനു ശേഷം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ്സടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. മല്യയെ രാജ്യം വിടുന്നതിന് അനുവദിച്ച സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വെച്ച് അരുണ്‍ ജെയ്റ്റ്‌ലിയും മല്യയും ചര്‍ച്ച നടത്തിയത് തനിക്കറിയാമെന്ന് കോണ്‍ഗ്രസ് നേതാവ് പി.എല്‍.പുനിയ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

0Shares