
കണ്ണൂര്‍: അനിശ്ചിതത്വത്തിലായ മലയോര ഹൈവേ നിര്‍മ്മാണ പ്രവൃത്തി മൂലം ഒരാള്‍ മരിച്ചു. തിരുമേനിയിലെ അമ്മണം വീട്ടില്‍ ദേവകി (45) ആണ് അധികൃതരുടെ അനാസ്ഥ കാരണം രക്തസാക്ഷിയായത്. ചൊവ്വാഴ്ച വൈകീട്ട് കൂലിവേല കഴിഞ്ഞ് വീട്ടിലേക്ക് പോകവേ മഞ്ഞക്കാട് വച്ച് ഇവര്‍ ഓവുചാലില്‍ വീഴുകയായിരുന്നു. തലയുടെ പിന്‍ഭാഗം ഓവുചാലിന്റെ സിമെന്റ് കെട്ടില്‍ ഇടിച്ചു. ബോധമറ്റ ഇവരെ ഓട്ടോറിക്ഷയില്‍ കക്കയംചാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.സ്ഥിതി ഗുരുതരമായതിനാല്‍ പരിയാരത്തേയ്ക്ക് കൊണ്ടുപോയി. പരിയാരത്ത് ന്യൂറോ സര്‍ജറി ഐ.സി.യുവിലാണുണ്ടായിരുന്നത്. തലയടിച്ചു വീഴുമ്പോള്‍ സുഷ്മനാ നാഡിക്ക് പരിക്കേറ്റതിനാല്‍ അരയ്ക്ക് താഴെ തളര്‍ന്ന സ്ഥിതിയിലായിരുന്നു. ബുധനാഴ്ച വൈകീട്ടോടെയാണ് ദേവകി മരിച്ചത്. പരേതനായ ഗോപാലന്റെയും അമ്മണം വീട്ടില്‍ ലക്ഷ്മിയുടെയും മകളാണ്. സഹോദരങ്ങള്‍: ജാനു, ഓമന, ബാലന്.

നിര്‍മാണം നടക്കുന്ന മലയോര ഹൈവേ റോഡിലെ കുഴികളില്‍ വീണു വലിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ കരിങ്കല്‍ ചീളുകള്‍ തെറിച്ചു നിരവധി ആളുകള്‍ക്കാണ് ദിവസേന പരിക്കേല്‍ക്കുന്നത്. ആവശ്യമായ സുരക്ഷാ സംവിധാന മൊരുക്കാതെ ഓട നിര്‍മ്മാണം നടത്തുന്നതും അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ റോഡരികിലേക്ക് മാറുന്ന കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ കാല് വഴുതി ഓടയില്‍ വീഴുന്നതും പതിവായി. അധികൃതരുടെ അനാസ്ഥ മൂലമുണ്ടായ അപകടമരണത്തിന് പൂര്‍ണ്ണ ഉത്തരവാദിത്ത്വമേറ്റെടുത്തു ദേവകിയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ട പരിഹാരം നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കൂലി പണിയെടുത്തു കുടുംബം നോക്കുന്ന ദേവകിയുടെ നിര്‍ദ്ധന കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് മലയോര ഹൈവേ ആക്ഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു.
