മലപ്പുറത്ത് ഇന്ന് കൊട്ടിക്കലാശം.

  • Post category:news
  • Reading time:1 min read
You are currently viewing മലപ്പുറത്ത് ഇന്ന് കൊട്ടിക്കലാശം.

മലപ്പുറം: മലപ്പുറം പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും. കഴിഞ്ഞ മൂന്നാഴ്ചയായി നടക്കുന്ന പ്രചാരണമാണ് ഇന്ന് വൈകീട്ട് ആറുമണിയോടെ അവസാനിക്കുന്നത്. കേന്ദ്രീകൃതമായ കൊട്ടിക്കലാശ പരിപാടികള്‍ മുന്നണികള്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഏഴ് നിയമസഭാ മണ്ഡലങ്ങളുടെ ആസ്ഥാനങ്ങളിലും വൈകിട്ട് റോഡ് ഷോ അരങ്ങേറും. നാളെ നിശബ്ദ പ്രചാരണമാണ്. മറ്റന്നാളാണ് (ബുധന്‍) മലപ്പുറത്ത് വോട്ടെടുപ്പ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി ഫൈസലും മണ്ഡലത്തില്‍ മൂന്നു ഘട്ടങ്ങളിലായാണ് പര്യടനം നടത്തിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്‍. ശ്രീപ്രകാശ് കുടുംബ യോഗങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. മത്സരചൂടില്‍ പ്രചാരണം മുറുകിയപ്പോള്‍ എതിരാളികളെ അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു ഓരോ സ്ഥാനാര്‍ത്ഥികളുടെയും പ്രചാരണം.

ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്‍. ശ്രീപ്രകാശിന്റെ ബീഫ് വിഷയം വിവാദമായതും ചില സ്ഥലങ്ങളില്‍ പ്രചാരണത്തിനു എത്തിയപ്പോള്‍ ആളില്ലാതെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചു പോരേണ്ടിവന്ന കാഴ്ചയ്ക്കും മലപ്പുറം സാക്ഷിയാകേണ്ടി വന്നു. ജനങ്ങളെ ഇളക്കി മറിച്ചും ആവേശം പകര്‍ന്നുമുള്ള പ്രചാരണത്തിലൂടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി ഫൈസലിന് സാധിച്ചത് ഇടത് മുന്നണിക്ക് പ്രതീക്ഷ പകരുന്നുണ്ട്. അതേസമയം തിരഞ്ഞെടുപ്പിനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വരണാധികാരിയായ ജില്ലാകളക്ടര്‍ അമിത് മീണ അറിയിച്ചു. തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി വിവിധ സേനകളില്‍ നിന്നായി 2500 പേരെയാണ് മലപ്പുറത്ത് വിന്യസിച്ചിട്ടുള്ളത്. മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഏഴു നിയോജക മണ്ഡലങ്ങള്‍ക്കും പ്രത്യേക കണ്‍ട്രോള്‍ റൂമുകളും തുറക്കും. ഇതിന്റെ പ്രവര്‍ത്തനം ഇന്നാരംഭിക്കും. വോട്ടെടുപ്പിന് ശേഷം 1175 ബൂത്തുകളിലെയും വോട്ടിംഗ് യന്ത്രങ്ങള്‍ മലപ്പുറം കോളേജിലേക്ക് മാറ്റും. വോട്ടെണ്ണുന്നതുവരെ യന്ത്രങ്ങള്‍ ഇവിടെയാണ് സൂക്ഷിക്കുക.

0Shares