
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്. എന്നാല്‍, ഒരു കൊല്ലമായിട്ടും ഈ അപകടത്തിന്‍റെ ദുരൂഹത ഇതുവരെ മറനീക്കിയിട്ടില്ല.2018 സെപ്റ്റംബർ 25 ന് പുലർച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ വാഹനാപകടമാണ് വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌ക്കറിന്‍റെ മരണത്തിനിടയാക്കിയത്.ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേ ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച കാർ അമിതവേഗതയിൽ മരത്തിലിടിക്കുകയായിരുന്നു. മകൾ തേജസ്വിനി ബാല സംഭവ സ്ഥലത്തുതന്നെ മരിച്ചു.

ഒരാഴ്ച്ചയോളം വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്‍റെ നില മെച്ചപ്പെട്ടുവരുന്നതിനിടെ ഹൃദയാഘാതം വന്ന് ഒക്ടോബര്‍ രണ്ടിന് മരണം സംഭവിക്കുകയായിരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. തൃശൂരില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങുന്ന വഴിയായിരുന്നു അപകടം നടന്നത്.
അമിതവേഗത്തില്‍ വന്ന കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.ഭാര്യ ലക്ഷ്മിക്കും അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്നു. കേസിൽ ദുരൂഹതയുണ്ടെന്ന ബാലഭാസ്‌കറിന്‍റെ അച്ഛൻ കെ.സി ഉണ്ണിയുടെ ആരോപണത്തെ തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അപകടത്തിൽ അസ്വഭാവികതയില്ലെന്ന വിലയിരുത്തലിലാണ് നിലവിൽ അന്വേഷണം സംഘം.
