
തിരുവനന്തപുരം: മയക്കുമരുന്ന‌് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടല്‍ തടയാൻ ശ്രമിച്ച സി.പി.എം പ്രവർത്തകൻ കുത്തേറ്റ‌് മരിച്ചു. തിരുവനന്തപുരം ശ്രീകണ‌്ഠേശ്വരം പുന്നപുരം സ്വദേശി ശ്യാം എന്ന മണിക്കുട്ടൻ (30) ആണ‌് മരിച്ചത‌്. മയക്കുമരുന്ന‌് സംഘത്തിന്റെ ആക്രമണത്തിൽ ശ്രീവരാഹം സ്വദേശികളായ ഉണ്ണിക്കണ്ണൻ, വിമൽ എന്നിവർക്കും പരിക്കേറ്റു. സി.പി.എം പുന്നപുരം ബി ബ്രാഞ്ച‌് അംഗമാണ‌് മണിക്കുട്ടൻ. പരിക്കേറ്റ ഉണ്ണിക്കണ്ണനും വിമലും സി.പി.എം പ്രവർത്തകരാണ‌്.

വ്യാഴാഴ‌്ച രാത്രി പതിനൊന്നിന‌് ശ്രീരാഹം കുളത്തിൻക്കരയിലാണ‌് സംഭവം. ഒരു സംഘം യുവാക്കൾ മയക്കുമരുന്ന‌് ഉപയോഗിച്ചശേഷം വാക്കേറ്റവും തുടർന്ന‌് ഏറ്റുമുട്ടുകയും ചെയ്യുകയായിരുന്നുവെന്ന‌് പോലീസ‌് പറഞ്ഞു. ഇതിനിടെ അതുവഴി കടന്നുപോയ മണിക്കുട്ടനും സുഹൃത്തുക്കളും അവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം സംഘത്തിലുണ്ടായിരുന്ന ഒരാൾ മണിക്കുട്ടനെ കത്തിവച്ച‌് ആഞ്ഞ‌് കുത്തുകയായിരുന്നു. ഇത‌് തടയാൻ ശ്രമിച്ച ഉണ്ണിക്കണ്ണനും വിമലിനും ഗുരുതരമായി മർദനമേറ്റു.
ബഹളം കേട്ട‌് ഓടിയെത്തിയ നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കുട്ടന്‍റെ ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ‌് ഉന്നത പോലീസ‌് സംഘം സ്ഥലത്തെത്തി. സംഭവസ്ഥലത്തെുവച്ച‌് ശ്രീവരാഹം സ്വദേശികളായ രജിത്ത‌്, മനോജ‌് എന്നിവരെ പോലീസ‌് പിടികൂടി. മണിക്കുട്ടനെ കുത്തിയ അർജുനെ പിടികൂടാനായി പോലീസ് തെരച്ചിൽ ആരംഭിച്ചു.
