ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തില്‍ മനുഷ്യ ജീവന് അപകടത്തിലാകുന്ന അപൂര്‍വ്വമായ ബാക്ടീരിയ പടരുന്നു. ബാക്ടീരിയ ബാധിച്ച മൂന്നുപേരില്‍ ഒരാള്‍ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാരകമായ ബാക്ടീരിയയെക്കുറിച്ച് കണ്ടു പിടിച്ചത്. എന്നാല്‍ ബാക്ടീരിയ പടരുന്നതിന് കാരണമെന്തെന്നറിയാതെ കുഴങ്ങുകയാണ് ന്യൂയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് സയന്‍സ്.

എലിപ്പനി ബാധിച്ച നിലയിലാണ് ആദ്യം ആളുകളെ ആശുപത്രിയിലെത്തിക്കുന്നത്. എന്നാല്‍ പിന്നീട് രോഗം തീവ്രമാവുകയും മരുന്നുകള്‍ ഫലിക്കാത്ത അവസ്ഥ വരികയും ചെയ്യുന്നു. നഗരത്തില്‍ പടരുന്ന ബാക്ടീരിയ എന്തെന്ന് മനസ്സിലാക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. എലിമൂത്രത്തിലൂടെയാണ് ബാക്ടീരിയ ഭൂമിയിലേക്കെത്തുന്നത് എന്നാണ് നിഗമനം. വൃക്കയെയും, ആമാശയത്തേയുമാണ് ബാക്ടീരിയ ബാധിക്കുന്നത്. ഇത് രോഗിയെ എളുപ്പത്തില്‍ മരണത്തിലേക്ക് തള്ളിവിടുന്നു.