ഭൂമിയെ കുറിച്ച് അത്ഭുതപ്പെടുത്തുന്ന പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍.

  • Post category:news
  • Reading time:1 min read
You are currently viewing ഭൂമിയെ കുറിച്ച് അത്ഭുതപ്പെടുത്തുന്ന പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍.

ലണ്ടന്‍: ഭൂമി പിറവിയെടുത്ത് താമസിയാതെ തന്നെ ജീവന്‍ ഉദ്ഭവിച്ചെന്ന കണ്ടെത്തലുമായി ഗവേഷകര്‍. കാനഡയിലെ ക്യുബക്കില്‍ കണ്ടെത്തിയ സൂക്ഷ്മജീവികളുടെ ഫോസിലിന് 400 കോടി വര്‍ഷം പഴക്കമുണ്ട്. ഭൂമിയില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പ്രായംകൂടിയ ജൈവഫോസിലാണിത്. ക്യുബക്കിലെ നുവ്വാഗിട്ടിക് സൂപ്രക്രസ്റ്റല്‍ ബെല്‍ട്ടിലെ (എന്‍.എസ്.ബി.) ശിലാപാളികള്‍ക്കിടയില്‍നിന്നാണ് ഫോസില്‍ കണ്ടെടുത്തത്. ഭൂമിയിലെ പഴക്കമേറിയ അവസാന ശിലകള്‍ ഇവിടെയാണുള്ളത്. ഇന്നുള്ള ബാക്ടീരിയകള്‍ക്കു സമാനമായ സൂക്ഷ്മജീവികളുടേതാണ് ഫോസിലെന്ന് ഗവേഷകര്‍.ഭൂമിയുടെ പ്രായം ഏകദേശം 450 കോടി വര്‍ഷമാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. കണ്ടെത്തിയ ഫോസിലിന് 377 കോടി മുതല്‍ 430 കോടി വര്‍ഷം വരെ പ്രായം കണ്ടേക്കാമെന്ന് ഗവേഷകസംഘത്തിലെ ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജ് പ്രൊഫസര്‍ ഡൊമനിക് പാപ്പിനിയു പറഞ്ഞു.

ഭൂമിയില്‍ തുടക്കത്തിലേ ജീവന്‍ പിറന്നെങ്കില്‍ പ്രപഞ്ചത്തില്‍ ജലമുള്ള ഗ്രഹങ്ങളിലും ഇത് സാധ്യമാണെന്ന് പാപ്പിനിയു അഭിപ്രായപ്പെടുന്നു. ഭൂമിയിലെപ്പോലെ ചൊവ്വയിലും ഇതേകാലത്ത് ജലം നിലനിന്നിരുന്നതിന് തെളിവുണ്ട്. സമാനസാഹചര്യം നിലനിന്നിരുന്ന ചൊവ്വയിലും ജീവന്‍ പിറവിയെടുത്തിരിക്കാമെന്ന സാധ്യതയും തള്ളിക്കളയാനാവില്ല.ഭൂമിയില്‍ ജീവന്‍ ഉത്ഭവിച്ചത് സമുദ്രാടിത്തട്ടിലെ ചൂടുറവകളിലാവുമെന്ന നിഗമനത്തെ ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തല്‍. അവിടെ സമൃദ്ധമായിരുന്ന ഇരുമ്പിനെയാണ് ബാക്ടീരിയകള്‍ ഊര്‍ജത്തിനായി ആശ്രയിച്ചിരുന്നത്.ജീവന്‍ രൂപപ്പെടാന്‍ ദീര്‍ഘമായ കാലയളവോ അതിസങ്കീര്‍ണവും സവിശേഷവുമായ രാസപ്രക്രയയോ ആവശ്യമില്ലെന്നതിനു തെളിവാണ് ഫോസിലിന്റെ കണ്ടെത്തലെന്ന് ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിലെ ബയോ ജിയോകെമിസ്റ്റ് മാത്യു ഡോഡ് പറഞ്ഞു.

0Shares