ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

  • Post category:news
  • Reading time:1 min read
You are currently viewing ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അംഗീകാരത്തോടുകൂടി പത്തനംതിട്ടയിലെ തിരുവല്ല താലുക്കില്‍ വളളംകുളത്ത് പ്രവര്‍ത്തിക്കുന്ന വികലാംഗര്‍ക്കുളള തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നടത്തുന്ന ഡി്‌പ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡി.റ്റി.പി, ഡിപ്ലോമ ഇന്‍ ഓഫീസ് ഓട്ടോമേഷന്‍, ഫോട്ടോഷോപ്പ്, റ്റാലി, പ്രിന്റിംഗ് ടെക്‌നോളജി, ബുക്ക് ബൈന്‍ഡിംഗ്, സ്‌ക്രീന്‍ പ്രന്റിംഗ്, ഓഫ്‌സെറ്റ് പ്രന്റിംഗ്, ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ് ആന്റ് മലയാളം, എന്നീ കെ.ജി.റ്റി കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

15 നും 35 നും മധ്യേ പ്രായമുളള കൈകാല്‍ സ്വാധീനമില്ലാത്തവര്‍, ചെറിയ തോതില്‍ ബുദ്ധി വൈകല്യം ഉളളവര്‍, ബധിരരായ പെണ്‍കുട്ടികള്‍, ഭാഗികമായി കാഴ്ച കുറവുളളവര്‍ എന്നിവര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. രണ്ട് വര്‍ഷമാണ് പരിശീലനത്തിൻ്റെ കാലാവധി. പരിശീലനം സൗജന്യമാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. വിദ്യാര്‍ത്ഥികളെ ബന്ധപ്പെട്ട വിഷയങ്ങളില്‍ കെ.ജി.റ്റി പരീക്ഷയ്ക്ക് ചേര്‍ക്കും.

പ്രവേശനം ആഗ്രഹിക്കുന്നവര്‍ പേര്, വിലാസം, ജനനത്തീയതി, വിദ്യാഭ്യസയോഗ്യത, വൈകല്യത്തിൻ്റെ സ്വഭാവം, ഇവ രേഖപ്പെടുത്തിയ അപേക്ഷയോടൊപ്പം ജില്ലാ മെഡിക്കല്‍ ബോര്‍ഡില്‍ നിന്നുളള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നീ രേഖകളുടെ പകര്‍പ്പ് സഹിതം മാര്‍ച്ച് 20 നകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കാര്‍ത്തികാ നായര്‍ മെമ്മോറിയല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍, വളളംകുളം പി.ഒ, തിരുവല്ല – 689 541 എന്ന വിലാസത്തില്‍ അയക്കണം. 5 രൂപ സ്റ്റമ്പ് സഹിതം സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ അയക്കുന്നവര്‍ക്ക് അപേക്ഷാഫോറവും പ്രോസ്‌പെക്ടസ്സും സൗജന്യമായി അയച്ചു കൊടുക്കും. www.karthikarehab.com എന്ന സൈറ്റില്‍ നിന്നും അപേക്ഷാഫോറവും പ്രോസ്‌പെക്ടസ്സും ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0469 2608176.

0Shares