
ന്യൂഡൽഹി: കേന്ദ്രഭരണത്തിലെത്തിയ ശേഷം ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ദേശീയ പാർട്ടിയെന്ന വിശേഷണം സ്വന്തമാക്കിയ ബി.ജെ.പി ഇക്കൊല്ലവും പദവി നിലനിർത്തി. രാജ്യത്തെ ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനത്തിന്റെ കണക്കെടുപ്പിലാണ് ബി.ജെ.പി ഒന്നാം സ്ഥാനത്തെത്തിയത്. വരുമാനം പുറത്തുവിട്ട ഏഴു ദേശീയ പാർട്ടികളുടെ മുൻ വർഷത്തെ ആകെ വരുമാനം 1,559.17 കോടിയാണ്. ഇതിൽ സിംഹഭാഗവും ബി.ജെ.പിക്ക് അവ കാശപ്പെട്ടതും. 66.34 ശതമാനം വരുമാനമാണ് ബി.ജെ.പി കൈയടക്കിയത്. 2016-17 കാലയളവിൽ 1,034.27 കോടി രൂപയാണ് ബി.ജെ.പിയുടെ വരുമാ നമെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

വരുമാനത്തിന്റെ കാര്യത്തിൽ ബി.ജെ.പിയുടെ അടുത്തെങ്ങും വരില്ലെങ്കിലും രണ്ടാം സ്ഥാനത്ത് കോൺഗ്രസാണുള്ളത്. കോൺഗ്രസ് പാർട്ടിക്ക് 225.36 കോടി രൂ പയുടെ വരുമാനമാണുള്ളത്. ദേശീയ പാർട്ടികളുടെ ആകെ വരുമാനത്തിന്റെ 14.45 ശതമാനമാണിത്. സി.പി.ഐ ആണ് പണക്കൊഴുപ്പിൽ ഏറ്റവും പിന്നിലാ യിപ്പോയത്. സുധാകർ റെഡ്ഡി നയിക്കുന്ന പാർട്ടിക്ക് 2.08 കോടി രൂപ മാത്രമാണുള്ളത്. പാർട്ടികൾ ആദായനികുതി അടച്ചതിന്റെ കണക്കുകളെ അവലംബിച്ചാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
ഏറ്റവും വരവുള്ള ബി.ജെ.പി തന്നെയാണ് കൈയയച്ച് ചെലവും ചെയ്തിരിക്കുന്നത്. 2016-17 ൽ 710.05 കോടി രൂപയാണ് ബി.ജെ.പി ചെലവാക്കിയത്. എന്നിട്ടും മുൻ സാമ്പത്തിക വർഷം വാരിക്കൂട്ടിയ സമ്പത്തിൽ 31 ശതമാനവും ബി.ജെ.പിക്ക് മിച്ചംപിടിക്കാനായി. എന്നാൽ കോൺഗ്രസ് ആകട്ടെ വരവിലും കവിഞ്ഞ് ചെലവ് ചെയ്തു. 321.66 കോടി രൂപയാണ് കോൺഗ്രസിന്റെ ചെലവ്.
വരവ് അറിയാതെ കോൺഗ്രസ് ചെലവ് ചെയ്തെങ്കിലും ബി.ജെ.പിയെപ്പോലെ ബി.എസ്പിയും മിച്ചംപിടിച്ചു. ബിഎസ്പി അവരുടെ ആകെ വരുമാനത്തിന്റെ 70 ശതമാനവും ചെലവ് ചെയ്യാതെ സൂക്ഷിച്ചുവച്ചിരിക്കുകയാണ്. ചെലവുചെയ്യാൻ മടികാണിച്ചവരുടെ കൂട്ടത്തിൽ സി.പി.ഐയും ഉണ്ട്. സി.പി.ഐ വരവിൽ ആറു ശതമാനം ചെലവഴിച്ചിട്ടില്ല.
