
ത്രിപുര:അടുത്തുവരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനായി ത്രിപുരയില്‍ കോണ്‍ഗ്രസും ത്രിപുര ഇന്റിജീനിയസ് നാഷണലിസ്റ്റ് പാര്‍ട്ടിയും കൈകോര്‍ക്കുന്നു. കഴിഞ്ഞ ദിവസം ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദ്യോട് കിഷോറാണ് സഖ്യത്തെ കുറിച്ച് സൂചന നല്‍കിയത്. സി.പി.എമ്മിനെ പരാജയപ്പെടുത്തി അധികാരത്തില്‍ വന്നതോടെ അക്രമ രാഷ്ട്രീയം മുഖമാക്കിയ ബി.ജെ.പിയ്ക്ക് സംസ്ഥാനത്ത് ഒരു പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.
‘വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ത്രിപുര ഇന്റിജീനിയസ് നാഷണലിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും കൈകോര്‍ക്കുകയാണ്. രാജ്യത്ത് പൗരത്വ ഭേതഗതി ബില്‍ നടപ്പാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെതിരെ അതിനെ എതിര്‍ക്കുന്നവരുടെ ശക്തി തെളിയിക്കുന്ന പരീക്ഷണമായിരിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പ്.’കിഷോര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസും ഐ.എന്‍.പി.ടിയും അവരരവരുടെ സ്ഥാനാര്‍ത്ഥികളെ അതത് സീറ്റിലേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ത്രിപുരയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നിരന്തര സന്ദര്‍ശനം അവരുടെ മനസ് മാറ്റിയെന്ന് ഐ.എന്‍.പി.ടി പ്രസിഡണ്ട് ബിജോയ് കുമാര്‍ പറഞ്ഞു. ഐ.എന്‍.പി.ടി മുന്നോട്ട് വെച്ച പല ഡിമാന്റുകളും രാഹുല്‍ അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.
