
തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് കോണ്‍ഗ്രസ് ലോക്സഭാ സ്ഥാനാര്‍ത്ഥി ശശി തരൂർ എം.പിയെ സന്ദർശിച്ചു. ഇന്നലെ രാത്രി ഒപത് മണിക്ക് ശേഷം തരൂരിന്റെ വസതിയിലെത്തി താരം അദ്ദേഹത്തിന് നന്ദി അറിയിച്ചു. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി ഫോണിലൂടെ തരൂരിന് നന്ദി പറഞ്ഞു. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന തരൂരിന് വിജയാശംസ നേരാനും ശ്രീശാന്ത് മറന്നില്ല.
ഐ.പി.എല്ലില്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവാനന്ത വിലക്ക് സുപ്രീം കോടതി കഴിഞ്ഞ ദിവസം നീക്കിയിരുന്നു. ഇതിന് പിറകെയാണ് താരം തരൂരിനെ നേരിൽ കാണാനെത്തിയത്.

സുപ്രീം കോടതി വിലക്ക് നീക്കിയതിന് ശേഷം താൻ ആദ്യമായി കാണുന്നയാളാണ് തരൂരെന്ന് ശ്രീശാന്ത് പറഞ്ഞു.
തനിക്ക് വിലക്ക് ഏർപ്പെടുത്തിയപ്പോൾ വിഷയം പാർലമെന്റിൽ ഉന്നയിക്കുകയും വിലക്ക് നീക്കാൻ ബി.സി.സി.ഐ യോട് ആവശ്യപ്പെട്ടതും തരൂരാണ്. അതിനുള്ള നന്ദി പറയാനാണ് എത്തിയത്. ഒരു വ്യക്തിയെന്ന നിലയിലും എം.പിയെന്ന നിലയിലും തരൂരിനോട് ഏറെ ആദരവും ബഹുമാനവുമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.
കഴിഞ്ഞ കേരളാ നിയമസഭാ തെരെഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായത് സംബന്ധിച്ച് തരൂർ ആരാഞ്ഞു. എന്നാൽ ബി.ജെ.പിയുമായി തനിക്ക് ഇനി ബന്ധമുണ്ടാവില്ലെന്നും സജീവ രാഷ്ട്രീയത്തിലിറങ്ങാൻ ഉദ്ദേശമില്ലെന്നും ശ്രീശാന്ത് തരൂരിനോട് വ്യക്തമാക്കി. ഇനിയുള്ള സമയം പൂർണമായും കളിയിൽ ശ്രദ്ധിക്കാനാണ് താത്പര്യമെന്നും ശ്രീശാന്ത് വ്യക്തമാക്കി.
