ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും വിചാരണ നേരിടണമെന്ന് സുപ്രീം കോടതി വിധി. അദ്വാനിയും മുരളി മനോഹര്‍ ജോഷിയും കേന്ദ്രമന്ത്രി ഉമാ ഭാരതിയുമടക്കമുള്ള 13 ബി.ജെ.പി നേതാക്കളും ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് വിചാരണ നേരിടണമെന്ന സി.ബി.ഐ ആവശ്യത്തിലാണ് സുപ്രീം കോടതിയുടെ വിധി. 13 ബി.ജെ.പി നേതാക്കളെയും ഗൂഢാലോചനക്കേസില്‍ കുറ്റവിമുക്തരാക്കിയുള്ള അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കിയാണ് സി.ബി.ഐയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി പറഞ്ഞത്.

റായ്ബറേലി കോടതിയിലുള്ള കേസുകള്‍ ലക്നൗ കോടതിയിലേക്ക് മാറ്റാനും ഇടവേളകളില്ലാതെകേസ് പരിഗണിക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കേസ് കഴിയുന്നത് വരെ കേസ് പരിഗണിക്കുന്ന ജസ്റ്റിസിന് സ്ഥലമാറ്റം നല്‍കരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടു. കേന്ദ്രമന്ത്രി ഉമാഭാരതിയും വിനയ് കട്യാറും ഗവര്‍ണര്‍ കല്യാണ്‍ സിങും ഗൂഢാലോചന കുറ്റത്തില്‍ വിചാരണ നേരിടണം. കല്യാണ്‍ സിങ് ഇപ്പോള്‍ ഗവര്‍ണര്‍ ആയതിനാല്‍ വിചാരണ നേരിടേണ്ടി വരില്ല. 1992 ഡിസംബര്‍ ആറിനാണ് ലോകമനഃസാക്ഷിയെ ഞെട്ടിച്ച ബാബറി മസ്ജിദ് സംഭവം. ബി.ജെ.പി നേതാക്കളുടെ നിര്‍ദേശപ്രകാരമെത്തിയ ലക്ഷക്കണക്കിന് കര്‍സേവകരുടെ നേതൃത്വത്തിലായിരുന്നു ബാബ്റി മസ്ജിദ് തകര്‍ത്തത്.