കൊച്ചി: ജ്യേഷ്ഠനെടുത്ത വായ്പ തിരിച്ചടക്കാത്തതിന്റെ പേരില്‍ ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തത് അനുജന്റെ വീട്! കൊച്ചി ചിലവന്നൂരിലാണ് ഈ വിചിത്ര സംഭവം. ചിലവന്നൂര്‍ തിരുനെലത്ത് റോബിയുടെ വീടാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ തെറ്റായ നടപടി മൂലം ജപ്തി ചെയ്തത്. റോബിയുടെ ജ്യേഷ്ഠന്‍ റോയി സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് മരട് വില്ലേജിലെ റോയിയുടെ പേരിലുള്ള വീടും പറമ്പും ഈട് നല്‍കി വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയപ്പോള്‍ വായ്പയ്ക്ക് ഈടുവച്ച ഈ വസ്തു ജപ്തി ചെയ്യുന്നതിനു പകരം കടവന്ത്ര വില്ലേജിലുള്ള അനുജന്‍ റോബിയുടെ വീടാണ് അധികൃതര്‍ ജപ്തി ചെയ്തത്.

തങ്ങള്‍ വായ്പയെടുത്തിട്ടില്ലെന്ന് റോബിയും ഭാര്യ ജെന്‍സിയും കരഞ്ഞ് പറഞ്ഞിട്ടും അതൊന്നും കേള്‍ക്കാന്‍ പോലും അധികൃതര്‍ കൂട്ടാക്കിയില്ല. മാത്രമല്ല ഇവരെയും നാലുവയസ്സുമാത്രമുള്ള മൂന്ന് മക്കളെയും വീട്ടില്‍ നിന്ന് ഇറക്കി വിടുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് വീട് പൂട്ടി മുദ്ര വച്ചതോടെ മൂന്ന് ദിവസമാണ് റോബിക്കും കുടുംബത്തിനും പെരുവഴിയില്‍ കഴിയേണ്ടി വന്നത്. ബാങ്ക് അധികൃതരുടെ കാരുണ്യ രഹിതമായ ഈ നടപടിക്കെതിരെ പ്രതിഷേധവുമായി നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പെടെ നാട്ടുകാര്‍ രംഗത്തെത്തിയപ്പോഴാണ് തങ്ങള്‍ക്ക് പറ്റിയ കൈപ്പിഴ ബാങ്ക് അധികൃതര്‍ തിരുത്തിയത്. തുടര്‍ന്ന് ആ കുടുംബത്തോട് ബാങ്ക് അധികൃതര്‍ മാപ്പു പറഞ്ഞു. എന്തായാലും സ്വന്തം വീട്ടില്‍ നിന്ന് അകാരണമായി മൂന്ന് നാള്‍ കുടിയിറക്കിയ ബാങ്ക് അധികൃതര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളുമെന്ന് റോബി പറഞ്ഞു.

കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്.