ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിച്ച ‘ചക്ക സംസ്ഥാന ഫലം’ വീഡിയോമത്സരം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം കെ.ശ്രീകാന്തിൻ്റെ പ്ലാ എന്ന വീഡിയോവിന്

  • Post category:news
  • Reading time:2 mins read
You are currently viewing ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിച്ച ‘ചക്ക സംസ്ഥാന ഫലം’ വീഡിയോമത്സരം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം കെ.ശ്രീകാന്തിൻ്റെ  പ്ലാ എന്ന വീഡിയോവിന്

തിരുവനന്തപുരം: ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിച്ച ‘ചക്ക സംസ്ഥാനഫലം’ വീഡിയോ മത്സരത്തിലെ വിജയികളെ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പ്രഖ്യാപിച്ചു. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വീഡിയോ കോണ്ടസ്റ്റ് ഫെയ്‌സ്ബുക്ക് പേജിലൂടെ ലൈവായാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. 900 വീഡിയോകളില്‍ നിന്നും പ്രാരംഭഘട്ട പ്രിലിമിനറി ജഡ്ജ്‌മെന്റില്‍ 80 ഓളം ചാനലേതര വിഡിയോകളും, ചാനല്‍ വിഭാഗത്തില്‍ 20 ഓളം വിഡിയോകളും തിരഞ്ഞെടുത്തു. ഫേസ്ബുക്ക് ലൈക്കിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ (10,000 ലൈക്കുകള്‍) മീഡിയ വില്ലേജിനെ ജനപ്രിയ എന്‍ട്രിയായി തിരഞ്ഞെടുത്തു. ചാനല്‍ ഇതര വിഭാഗത്തില്‍ ഒന്നാം സമ്മാനമായ 15,000 രൂപ വയനാടുകാരനായ കെ.ശ്രീകാന്തിനാണ്. അദ്ദേഹത്തിന്റെ പ്ലാ എന്ന വീഡിയോക്കാണ് സമ്മാനം. രണ്ടാം സമ്മാനമായ 10,000 രൂപയ്ക്ക് അര്‍ഹരായത് ചങ്ങനാശ്ശേരിയില്‍ നിന്നുള്ള മീഡിയ വില്ലേജാണ്. അവരുടെ ‘ഒരു ചക്ക കഥ’ എന്ന വിഡിയോക്കാണ് സമ്മാനം ലഭിച്ചത്. മൂന്നാം സമ്മാനമായ 5,000 രൂപ തൃശ്ശൂരില്‍ നിന്നും ടീം അശരീരി ചെയ്ത ‘അശരീരി’ എന്ന വിഡിയോക്കാണ് ലഭിച്ചത്. കൂടാതെ ചക്കയുടെ കാലിക പ്രാധാന്യവും വീഡിയോ ക്വാളിറ്റിയും പ്രസക്തിയും നോക്കി അഞ്ചു പേര്‍ക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനവും ഉണ്ട് (വിപിന്‍ പുത്തൂര്‍, ഹേമന്ദ് എസ്.എസ്, ഗവ. എച്ച്.എസ്.എസ് മീനങ്ങാടി, നരിവീട്ടില്‍ ഫിലിംസ്, അജയ് പനമരം).ചാനല്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനമായ 25000 രൂപയ്ക്ക് അര്‍ഹരായത് ശക്തി ചാനലിനു വേണ്ടി റിപ്പോര്‍ട്ടറിനു അമ്പാട്ട് ചെയ്ത ചക്ക സ്റ്റോറിക്കാണ്. മീഡിയവണ്‍ ചാനലില്‍ നിന്നും റിപ്പോര്‍ട്ടര്‍ ഷിദ ജഗത് ചെയ്ത ന്യൂസ് സ്റ്റോറിക്കാണ് രണ്ടാം സമ്മാനമായ 15,000 രൂപ. കൈരളി പീപ്പിള്‍ ടീവി റിപ്പോര്‍ട്ടര്‍ സിജു കണ്ണന്‍ തയ്യാറാക്കിയ ചക്ക സ്റ്റോറിക്കാണ് മൂന്നാം സമ്മാനമായ 10,000 രൂപ ലഭിച്ചത്. ചക്കയുടെ പ്രാധാന്യവും കാലിക പ്രസക്തിയുള്ള നൂതന ആവിഷ്‌കാര രീതിയും വെളിപ്പെടുത്തുന്ന നിരവധി നല്ല എന്‍ട്രികളാണ് ന്യൂ മീഡിയയായ ഫേസ്ബുക്, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, ഗൂഗിള്‍ ഡ്രൈവ് വഴി വന്നതെന്ന് മൂന്ന് അംഗ ജൂറി വിലയിരുത്തി. നവ മാധ്യമത്തിന്റെ കൂടുതല്‍ സാധ്യതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ജൂറി അഭിപ്രായപ്പെട്ടു. ക്വാളിറ്റി ഉള്ളതും പ്രശംസനീയവുമായ എച്.ഡി വിഡിയോകള്‍ എഫ്.ഐ.ബി യുടെ യൂട്യൂബ് ചാനലിലൂടെയും ഫേസ്ബുക്ക് പേജിലൂടെയും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിക്കുന്നുണ്ട്. പ്രശസ്ത ഡോക്യുമെന്ററി സംവിധായകരും IDSFFK മുന്‍ ജൂറി അംഗങ്ങളുമായ പി.ബാബുരാജ്, സുധീര്‍ പരമേശ്വരന്‍, മാധ്യമം മീഡിയ സ്‌കൂള്‍ മുന്‍ ഡയറക്ടറായ ബിജു മോഹന്‍ തുടങ്ങിയവരായിരുന്നു ജൂറി അംഗങ്ങള്‍.

0Shares