
പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയതിലൂടെ മഹാത്മാഗാന്ധിയുടെ സ്വപ്നം യാഥാര്‍ഥ്യമായതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിനായി ചേര്‍ന്ന പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. പ്രതിഷേധത്തിന്റെ പേരില്‍ അരങ്ങേറുന്ന അക്രമ സംഭവങ്ങള്‍ രാജ്യത്തിന്റെ പുരോഗതിയെ ദുര്‍ബലപ്പെടുത്തുമെന്നും രാഷ്ട്രപതി പറഞ്ഞു.
വിഭജനത്തിന് ശേഷം പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് ഹിന്ദു, സിക്ക്, ബുദ്ധ, ജൈന തുടങ്ങി മതന്യൂനപക്ഷങ്ങൾ അഭയർത്ഥികളായി എത്തിയാൽ ഇന്ത്യ പൗരത്വം നൽകണമെന്ന് ഗാന്ധി പറഞ്ഞിരുന്നു.രാഷ്ട്രപിതാവിന്റെ ആഗ്രഹങ്ങളെ നാം മാനിക്കുന്നു. ബാപ്പുവിന്റെ ആഗ്രഹം സാക്ഷാത്കരിക്കുന്നതിനായി പാർലമെന്റിന്റെ ഇരുസഭകളും പൗരത്വ ഭേദഗതി നിയമം പാസാക്കിയതിൽ താൻ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതിയുടെ പരാമര്‍ശത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചു. ലജ്ജാകരമെന്ന് വിളിച്ചുപറഞ്ഞായിരുന്നു പ്രതിപക്ഷാംഗങ്ങളുടെ ബഹളം. ഭരണപക്ഷം കൈയടിച്ചും മുദ്രാവാക്യം വിളിച്ചും പ്രസംഗത്തെ പിന്തുണച്ചു. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനം ചരിത്രപരമെന്നും രാഷ്ട്രപതി തന്റെ പ്രസംഗത്തിൽ പറഞ്ഞു. കാഷ്മീരിലെ ജനങ്ങൾക്ക് നീതി നടപ്പാക്കി. ഇതുവഴി പട്ടിക വിഭാഗങ്ങള്‍ക്കടക്കം ജമ്മുകാശ്മീരില്‍ എല്ലാവര്ക്കും വികസനത്തിനുളള വഴിയൊരുക്കി. ശ്യാമപ്രസാദ് മുഖർജിയുടെ സ്വപ്നം ഇതിലൂടെ യാഥാർഥ്യമാക്കി.
അയോധ്യവിധിയെ രാജ്യം പക്വതയോടെ സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷ അംഗങ്ങളെത്തിയത്. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ മുന്‍നിരയിലെ ഇരിപ്പിടങ്ങള്‍ ഒഴിവാക്കി പ്രതിപക്ഷനേതാക്കള്‍ പിന്നിരയിലാണിരുന്നത്.
