
ഹൈദരാബാദ്: നിയമവിരുദ്ധമായി വിവാഹങ്ങള്‍ നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ പ്രായപൂര്‍ത്തിയാകാത്ത മുസ്ലീം പെണ്‍കുട്ടികളെ വിവാഹം കഴിക്കാനെത്തിയ എട്ട് അറബി ഷൈഖുമാരെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ഗസ്റ്റ് ഹൗസുകളില്‍ നിന്ന് അഞ്ച് ഒമാനികളെയും മൂന്ന് ഖത്തര്‍ സ്വദേശികളെയുമാണ് പോലീസ് പിടികൂടിയത്. ഇവരെ അറസ്റ്റ് ചെയ്യുന്നതിനായി ഗസ്റ്റ് ഹൗസിലെത്തുമ്ബോള്‍ ഇവിടെ 15 വയസുകാരിയും 70 വയസുകാരന്‍ ഒമാനി പൗരനുമായുള്ള വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു.

കഴിഞ്ഞ മാസം 17ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ ഒരു ഒമാന്‍ പൗരന്‍ അറസ്റ്റിലായതോടെയാണ് ഇത്തരം സംഭവങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടുന്നത്. ഇത്തരം വിവാഹങ്ങള്‍ക്ക് സാക്ഷ്യപത്രം നല്‍കിയിരുന്ന മുംബയിലെ ഖാസി ഫരീദ് അഹമ്മദ് ഖാനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹൈദരാബാദ് വിമാനത്താവളം വഴി എത്തുന്ന അറബ് വംശജരെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു.ഇവര്‍ സഞ്ചരിച്ച സ്ഥലങ്ങളിലെല്ലാം പോലീസ് നിരീക്ഷണം കര്‍ശനമാക്കി.പിന്നീട് ആവശ്യമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് കമ്മീഷണര്‍ എം. മഹേന്ദര്‍ റെഡ്ഡി പറഞ്ഞു.
