
ന്യൂഡല്‍ഹി / തിരുവനന്തപുരം: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് എതിരെ കേന്ദ്ര മന്ത്രി വി. മുരളീധരൻ. സംസ്ഥാനത്തിന് പൗരത്വ നിയമവുമായി ബന്ധപ്പെട്ട് പ്രമേയം പാസാക്കന്‍ അധികാരമുണ്ട്. എന്നാല്‍ കേരളം പാസാക്കിയ പ്രമേയത്തിന് അത് പ്രിന്റ് ചെയ്ത പേപ്പറിൻ്റെ വില പോലുമില്ല. പ്രവാസികള്‍ക്കായി ഇന്നും നാളെയുമായി സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് നടത്തുന്ന ലോക കേരളസഭ ഭൂലോക തട്ടിപ്പാണെന്നും അത് വെറും രാഷ്ട്രീയ പരിപാടിയായി അധഃപതിച്ചെന്നുവെന്നും മുരളീധരൻ കുറ്റപ്പെടുത്തി. സി.പി.എമ്മിന് പണം നല്‍കുന്നവരെ വിളിച്ചുവരുത്തിക്കൊണ്ട് വിരുന്ന് നല്‍കുന്ന പരിപാടിയാക്കി സര്‍ക്കാര്‍ അതിനെ മാറ്റിയെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വിമർശിച്ചു.

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഓര്‍ഡിനന്‍സ് ഇറക്കിയ ആദ്യത്തെ സംസ്ഥാനമാണ് കേരളം. നിയമസഭയ്ക്ക് നിയമസഭയുടേതായ അധികാരങ്ങളുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ ഓഡിനന്‍സ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന് നിസഹായമായി നിന്നുകൊടുക്കാന്‍ സാധിക്കില്ല. പ്രമേയത്തില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. പ്രമേയം നിയമസഭ അംഗീകരിക്കുമ്പോൾ ബി.ജെ.പി എം.എൽ.എ ഓ രാജഗോപാൽ എതിർത്ത് വോട്ട് ചെയ്യാതിരുന്നതും ബി ജെ പി ക്ക് വിനയായിട്ടുണ്ട്. ഓ രാജഗോപാൽ കേരളത്തിൻ്റെ നിലപാടിനൊപ്പം നിന്നു എന്നാണ് പറയപ്പെടുന്നത്. രാഷ്ട്രീയമായി ബി.ജെ.പിക്ക് ഒപ്പമെങ്കിലും ഒരു വ്യക്തിയെന്നനിലയിൽ അദ്ദേഹം കേരളത്തിനൊപ്പം നിന്ന് നിയമസഭ പാസാക്കിയ പ്രമേയത്തിന് മൗന സമ്മതം നല്കുകയാണുണ്ടായത്.
