
കോഴിക്കോട്/ മലപ്പുറം: മഞ്ചേരിയിലും സമീപപ്രദേശമായ കുഴിമണ്ണയിലുമുള്ള രണ്ടുകുട്ടികളിൽ ഡിഫ്തീരിയ രോഗം കണ്ടെത്തി. പതിനാലും പതിമൂന്നും വയസുള്ള കുട്ടികളാണിവർ. പനിയും മൂക്കൊലിപ്പും കാരണം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സതേടിയ ഇവരെ കൂടുതൽ പരിശോധനയ്ക്ക് വിധേയമാകുകയായിരുന്നു. പരിശോധിച്ച ഡോക്ടർക്ക് തോന്നിയ സംശയമാണ് പരിശോധനക്ക് വിദേയമാക്കാൻ കാരണം. വിദക്ത പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരുടെ മാതാപിതാക്കളുമായി സംസാരിച്ചു. അപ്പോഴാണ് കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയിരുന്നില്ലെന്ന കാര്യം മനിസ്സിലായത്.

വാക്സിന് വിരുദ്ധ പ്രചാരണം മൂലം മലപ്പുറം ജില്ലയിൽ നിരവധി ആളുകളാണ് പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കാതെയുള്ളത്. ഇങ്ങനെ കുത്തിവെപ്പ് എടുക്കാത്തത് മാതാപിതാക്കളുടെ തീരുമാനം കൊണ്ട് മാത്രമല്ലെന്നും ഇതിന് പിന്നില്‍ ചിലരുടെ തെറ്റായ പ്രചാരണമാണെന്നും മലപ്പുറം ഡെപ്യൂട്ടി ഡി.എം.ഒ ഡോ കെ.മുഹമ്മദ് ഇസ്മായില്‍ പറഞ്ഞു. 2018ല്‍ 6 പേര്‍ക്കും 2017ല്‍ 31 പേര്‍ക്കും 2016ല്‍ 41 പേര്‍ക്കും ജില്ലയില്‍ ഡിഫ്തീരിയ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ സജീവ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ വകുപ്പ് രംഗത്ത് വന്നു. ഇപ്പോൾ ആളുകളിൽ മാറ്റമുണ്ടായതായും കഴിഞ്ഞ വര്‍ഷം ഒരു വയസില്‍ താഴെയുള്ള 93 ശതമാനം കുട്ടികള്‍ക്കും കുത്തിവെയ്പ്പ് എടുത്തിരുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
