
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ സംഘം ശനിയാഴ്ച ജമ്മു കാശ്മീര്‍ സന്ദർശിക്കാനിരിക്കെ രാഷ്ട്രീയ നേതാക്കൾ ഇവിടേക്ക് വരുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കാശ്മീര്‍ അധികൃതർ. ജമ്മുകാശ്മീര്‍ പബ്ലിക് ഇൻഫർമേഷൻ ഡിപ്പാർട്മെന്റാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ സംഘത്തിന്റെ സന്ദര്‍ശനം വിമാനത്താവളത്തില്‍ തന്നെ തടയാനാണ് സാധ്യത. നേതാക്കൾ ഇപ്പോൾ വരുന്നത് അവിടുത്തെ ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

കാശ്മീരില്‍ എല്ലാ മേഖലകളിൽ നിന്നും നിയന്ത്രണങ്ങൾ നീക്കിയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ നേതാക്കൾ സന്ദർശനം നടത്തിയാൽ അത് ഇവിടങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ ലംഘനമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. കാഷ്മീരിലെ നടപടികളോട് നേതാക്കൾ സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടിട്ടുണ്ട്. കോൺഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാൽ,ആനന്ദ് ശർമ, ഗുലാം നബി ആസാദ്, സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ, ആർ.ജെ.ഡി നേതാവ് മനോജ് ഝാ തുടങ്ങിയവരുൾപ്പെട്ട സംഘമാണ് ഇന്ന് കാശ്മീര്‍ സന്ദർശിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
തങ്ങള്‍ വിമാനം അയക്കാം, രാഹുല്‍ കശ്മീരിലേക്കു വന്ന് യാഥാര്‍ഥ്യം കാണൂവെന്ന് കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് നേരത്തേ പറഞ്ഞിരുന്നു. ആ വെല്ലുവിളി സ്വീകരിച്ചാണ് രാഹുലിന്റെ സന്ദര്‍ശനം.
