കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയിലായി. കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയായ അഭിമന്യു (20)ണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മഹാരാജാസ് കോളജ് കാംപസില്‍ സംഘര്‍ഷമുണ്ടായത്. ഇടുക്കി മറയൂര്‍ സ്വദേശിയാണ് അഭിമന്യു. മറ്റൊരു വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലം സ്വദേശിയായ അര്‍ജുനാണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നത്. ഞായറാഴ്ച വൈകീട്ട് പോസ്റ്ററൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ ക്യാംപസ് ഫ്രണ്ട് തര്‍ക്കം നടന്നിരുന്നു.
പുതിയ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്തുകൊണ്ട് കാംപസില്‍ സ്ഥാപിച്ച ബോര്‍ഡിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് അറിയുന്നത്. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട അഭിമന്യു. കോട്ടയം സ്വദേശികളായ ബിലാല്‍, ഫറൂഖ്, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ്, എന്നിവരാണ് പോലീസിന്റെ പിടിയിലായത്. പിടിയിലായ രണ്ടുപേര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് എന്നാണ് പോലീസ് പറയുന്നത്. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതപ്പെടുത്തി. അഭിമന്യുവിന്റെ മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. എസ്.എസ്.ഐ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പരീക്ഷാര്‍ഥികളെ പഠിപ്പുമുടക്കില്‍ നിന്നും ഒഴിവാക്കി. വട്ടവട കൊട്ടക്കാമ്പൂര്‍ രണ്ടാം വാര്‍ഡില്‍ സൂപ്പവീട്ടില്‍ എസ് ആര്‍ മനോഹരന്റെ മകനാണ്. മാതാവ്: ഭൂപതി. സഹോദരങ്ങള്‍: പരിജിത്ത്, കൗസല്യ.
