ശബരിമല: പ്രതിഷേധം മറികടന്ന് യുവതികളെ സന്നിധാനത്ത് എത്തിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്ന് കൊയിലാണ്ടി സ്വദേശി ബിന്ദു, അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവരുമായി പൊലീസ് മലയിറങ്ങി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞ പ്രതിഷേധക്കാര്‍ക്കെതിരെ ബലപ്രയോഗം വേണ്ടെന്ന് സര്‍ക്കാര്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതികളുടെ വിസമ്മതം വകവെക്കാതെ യുവതികളെ പൊലീസ് തിരിച്ചിറക്കുകയായിരുന്നു. അതിനിടെ തിരിച്ചിറങ്ങാന്‍ വിസമ്മതിച്ച ബിന്ദു നിലത്ത് കിടന്ന് പ്രതിഷേധിക്കുകയും ചെയ്തു കനക ദുര്‍ഗയ്ക്ക് ഇതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായി. സന്നിധാനത്തേക്ക് ഒരു കിലോമീറ്റര്‍ മാത്രം അവശേഷിക്കുമ്പോഴാണ് യുവതികളുടെ മലകയറ്റം തടസപ്പെട്ടത്. ഒന്നര മണിക്കൂര്‍ യുവതികളുമായി പൊലീസ് തുടര്‍ന്നെങ്കിലും പ്രതിഷേധം ശക്തമായി. തുടര്‍ന്ന് പൊലീസ് യുവതികളുമായി തിരിച്ചിറങ്ങാന്‍ ശ്രമിച്ചെങ്കിലും ബിന്ദു തിരിച്ചിറങ്ങാന്‍ തയ്യാറായില്ല. എന്നാല്‍ സ്‌പെഷ്യല്‍ ഓഫീസറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊലീസ് യുവതികളുമായി പമ്പയിലേക്ക് തിരിച്ചിറക്കുകയായിരുന്നു. രാവിലെ പൊലീസിനെ അറിയിക്കാതെയായിരുന്നു യുവതികള്‍ ശബരിമല ദര്‍ശനത്തിനെത്തിയത്. എന്നാല്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൊലീസ് ഇവര്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നു.
പുലര്‍ച്ചെ നിലയ്ക്കലിലെത്തിയ യുവതികളെ പൊലീസ് സുരക്ഷയോടെ പമ്പയിലെത്തിക്കുകയായിരുന്നു. കുറച്ചുനേരെ വിശ്രമിച്ചതിനുശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു ഇരുവരും. മരക്കൂട്ടംവരെയുള്ള പ്രതിഷേധക്കാരെ നീക്കിയ പൊലീസ് ചന്ദ്രാനന്ദം റോഡിലെത്തിയപ്പോള്‍ കൂടുതല്‍ പ്രതിഷേധക്കാരെത്തി യുവതികളെ തടയുകയായിരുന്നു. ഇതോട എട്ട് മണിമുതല്‍ ഏതാണ്ട് ഒമ്പതോമുക്കാലോളം ചന്ദ്രാനന്ദന്‍ റോഡില്‍ തന്നെ നില്‍ക്കുകയായിരുന്നു. എത്ര വലിയ പ്രതിഷേധമുണ്ടായാലും ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന് യുവതികള്‍ വാശിപിടിച്ചതോടെ പോലിസ് കുഴങ്ങി. ഇതോടെയാണ് യുവതികളെ തിരിച്ചിറക്കാന്‍ പോലിസ് നീങ്ങിയത്. പ്രതിഷേധം നടത്തുന്ന ഭക്തരുടെ എണ്ണം വര്‍ധിച്ചതോടെ സന്നിധാനത്ത് ദ്രുത കര്‍മ്മ സേനയെ വിന്യസിച്ചിരുന്നു. പൊലീസും പ്രതിഷേധക്കാരും മല ഇറങ്ങുകയും കയറുകയും ചെയ്യുന്ന അയ്യപ്പ ഭക്തരും എല്ലാം ചേര്‍ന്ന് വലിയൊരു സ്‌ഫോടനാത്മകമായ അന്തരീക്ഷമാണ് ശബരിമല കാനന പാതയില്‍ രൂപപ്പെട്ടത്.
പോലിസ് മുട്ടുമടക്കുന്നു; ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ തിരിച്ചിറക്കി; ക്രമസമാധാന പ്രശ്‌നമുള്ളതു കൊണ്ടാണ് നിയമം നടപ്പിലാക്കാനാവാത്തതെന്ന് വിശദീകരണം