.
മുംബൈ: പോപ് രാജകുമാരനായ ജസ്റ്റിന്‍ ബീബറെ പ്രതീക്ഷിച്ച് മഞ്ഞും വെയിലും കൊണ്ട് നിന്ന മുംബൈയിലെ ആരാധകര്‍ നിരാശയോടെ മടങ്ങി. മുംബൈയിലെ ഡിവൈ പാട്ടീല്‍ ക്രിക്കറ്റ് മൈതാനത്ത് നടക്കുന്ന സംഗീത പരിപാടിക്കായി ഇന്നലെ ബീബര്‍ എത്തുമെന്നാണ് വാര്‍ത്ത വന്നിരുന്നത്. പോപ് രാജകുമാരനെകാണാനായി മാത്രം ആരാധകര്‍ വെയിലുകൊണ്ടും ഉറക്കമിളച്ചും വിമാനത്താവളത്തില്‍ കാത്തിരുന്നെങ്കിലും ഇന്നലെ ബീബര്‍ എത്തിയില്ല. പതിനാറാം വയസില്‍ ഒരു സംഗീത ആല്‍ബത്തിലൂടെയാണ് ജസ്റ്റിന്‍ ബീബര്‍ പോപ് സംഗീത ലോകത്ത് ‘മാജിക് കിഡ്’ എന്ന ഓമനപ്പേരിലൂടെ തരംഗമായി മാറിയത്. മുംബൈയിലെ സംഗീത പരിപാടിക്കായെത്തുന്ന ബീബറിനായി വന്‍ സുരക്ഷാ സന്നാഹമാണ് ആരാധകര്‍ കരുതി വച്ചത്.

താരം എത്താത്തതില്‍ നിരാശ ഉണ്ടെങ്കിലും ബീബറിന്റെ 120 അംഗ സംഘത്തെ ഹോട്ടല്‍ വരെ ഇവര്‍ ആഘോഷത്തോടെ ആനയിച്ചു. പക്ഷേ എത്ര കാത്തിരുന്ന് ബീബറെ കാണാന്‍ കഴിഞ്ഞാലും അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങാമെന്ന് ആരും കരുതേണ്ട. അടുത്ത് ഇടപഴകാനോ സെല്‍ഫിയെടുക്കാനോ ബീബര്‍ അനുവദിക്കുന്ന കാര്യമല്ല. അമ്പതിനായിരത്തിലധികം ആരാധകരാണ് ബുധനാഴ്ച്ച വൈകുന്നേരം മുംബൈയില്‍ വച്ച് നടക്കുന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നത്.