
റിയാദ്/ കൊച്ചി/ കൊല്ലം: പ്രവാസി മലയാളിയായ പോക്‌സോ കേസ് പ്രതിയെ സൗദി അറേബിയയിലെത്തി പിടികൂടി നാട്ടിലേക്ക് കൊണ്ടുപോയ കേരളത്തിലെ യുവ ഐ.പി.എസ് കാരിക്ക് മികച്ച കയ്യടി. 13 വയസ്സായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കൊല്ലം ഓച്ചിറ സ്വദേശി സുനില്‍കുമാര്‍ ഭദ്രനെ (39) നെ കഴിഞ്ഞ ദിവസമാണ് സൗദി പോലീസിൻ്റെ സഹായത്തോടെ കൊല്ലം പോലിസ് കമീഷണര്‍ മെറിന്‍ ജോസഫും സംഘവും പിടികൂടിയത്. പ്രതിയെ ഇന്നു പുലര്‍ച്ചെ ഒരു മണിയോടെ കൊച്ചി വിമാനത്താവളം വഴി നാട്ടിലെത്തിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഓച്ചിറ സ്‌റ്റേഷനിലേക്കു കൊണ്ടു പോയ പ്രതിയെ ബുധനാഴ്ച്ച വൈവീട്ട് കോടതിയില്‍ ഹാജറാക്കും. റിയാദിലെത്തിയ കൊല്ലം പോലിസ് കമീഷണര്‍ മെറിന്‍ ജോസഫിൻ്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പോക്‌സോ ചുമത്തിയ പ്രതിയെ പിടികൂടി നാട്ടിലെത്തിച്ചത്.
2017 ലാണ് കേസിനാസ്പദമായ സംഭവം കേരളത്തിൽ നടന്നത്. ദീര്‍ഘകാലമായി റിയാദില്‍ പ്രവാസിയായ സുനില്‍ കുമാര്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി പട്ടികജാതി വിഭാഗക്കാരിയാണ്. കുട്ടിയുടെ പിതൃസഹോരൻ്റെ സുഹൃത്തായിരുന്നു പ്രതി. സ്ഥിരം മദ്യപനായ ഇളയച്ഛന്‍ വഴിയാണ് പെണ്‍കുട്ടിയുടെ വീടുമായി ഇയാള്‍ ബന്ധം സ്ഥാപിച്ചത്. പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം സഹപാഠികള്‍ വഴി സ്‌കൂളിലെ അധ്യാപിക അറിയുകയും അവര്‍ ചൈല്‍ഡ് ലൈന് വിവരം കൈമാറുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചതായി വ്യക്തമായത്. ഈ സമയം പ്രതി അവധി കഴിഞ്ഞതിനാൽ തിരിച്ച് സൗദിയിലേക്ക് പോയിരുന്നു. റിയാദില്‍ കഴിയുന്ന സുനില്‍ കുമാറിനെ നാട്ടിലെത്തിക്കാന്‍ ഒന്നര വര്‍ഷമായി നടത്തിവന്ന ശ്രമങ്ങള്‍ വിജയിക്കാതായതോടെയാണ് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്.

തീവ്രവാദം, കൊലപാതകം തുടങ്ങിയ കേസുകളിലെ പ്രതികളെ ഇന്റര്‍പോള്‍ പിടികൂടി ഇതിനു മുമ്പും ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ പോക്‌സോ കേസില്‍ ആദ്യമായാണ് അറസ്റ്റും കൈമാറ്റവും. 2010 ല്‍ പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗിൻ്റെ സഊദി സന്ദര്‍ശന വേളയിലാണ് ഇരുരാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളുടെ കൈമാറ്റത്തിന് ധാരണയുണ്ടായത്. ഇന്ത്യയും സഊദി അറേബ്യയും കരാറുണ്ടാക്കിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ പോലിസ് ഓഫീസര്‍ ഇത്തരമൊരു ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.
പ്രതിയെ പിടികൂടിയെങ്കിലും ഇത് കാണാൻ പീഡനത്തിന് ഇരയായ പെൺകുട്ടി ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്നതാണ് ഖേദകരം. അന്വേഷണം നടക്കുന്നതിനാൽ കുട്ടിയെ കൊല്ലം കരിക്കോട്ടുള്ള മഹിളാമന്ദിരത്തിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. ഇവിടെ വെച്ച് ഈ കുട്ടിയും അന്തേവാസിയായ മറ്റൊരു കുട്ടിയും ജീവനൊടുക്കി. മഹിളാമന്ദരിത്തിലെ ദുരനുഭവമായിരുന്നു കാരണം. ഇതിന് ഉത്തരവാദികളായ മഹിളാമന്ദിരത്തിലെ ജീവനക്കാര്‍ ജയിലിലാണ്.
