
കൊച്ചി: ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യുന്നതിൽ സർക്കാരിന് ഇച്ഛാശക്തിയില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. പൊതുസ്ഥലങ്ങളിലെ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യാത്ത സർക്കാർ നിലപാടിനെതിരെയാണ് ചൊവ്വാഴ്ച്ച ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി ഫ്ളക്സ് ബോർഡുകൾ അടിയന്തിരമായി നീക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പ്രകാരം പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥരും ചേർന്ന് നടപടി സ്വീകരിച്ചെങ്കിലും കാര്യക്ഷമമായില്ലെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ.
സംസ്ഥാനത്ത് വ്യാപകമായി നഗരങ്ങളിലും ചെറുപട്ടണങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യ ബോർഡുകൾ വൻ തോതിൽ സ്ഥാപിച്ചിട്ടുണ്ട്. ഇത് കൂടാതെ സർക്കാർ പരിപാടികളുടെ ഫ്ളക്സ് ബോർഡുകളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഫ്ളക്സ് ബോർഡുകളും പൊതുസ്ഥലങ്ങളിൽ തന്നെയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
വനിതാ മതിലിന് ഉപയോഗിച്ച ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യാത്ത അവസ്ഥയും നഗരങ്ങളിലുണ്ടെന്നും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഫ്ളക്സ് ബോർഡുകൾ വൻതോതിൽ പരിസ്ഥിതിക്ക് ദോഷമാകുന്നതായി കണ്ടെത്തിയിരുന്നു. അതിനാൽ ഫ്ളക്സ് ബോർഡുകൾ ഒഴിവാക്കാനാണ് സർക്കാർ പൊതുജനങ്ങൾക്ക് നിർദേശം നൽകുന്നത്. ഈ നിർദേശം പാലിക്കാൻ സ്വകാര്യ സ്ഥാപനങ്ങൾ തയ്യാറാവാത്തതാണോ എന്നും സംശയിക്കേണ്ടതുണ്ട്.
ആദ്യം സർക്കാർ ബോർഡുകൾ മാറ്റി ഭരിക്കുന്നവർ മാതൃകയാവണം. സർക്കാർ നിർദേശം പാലിക്കാൻ എല്ലാ രഷ്ട്രീയ പാർട്ടി പ്രതിനിധികളും സ്വകാര്യ സ്ഥാപന മേധാവികളും ബാധ്യസ്ഥരാണെന്നും ഹൈക്കോടതി പറഞ്ഞു. ഫ്ളക്സ് ബോർഡുകൾ അടിയന്തിരമായി നീക്കം ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചീഫ് സെക്രട്ടറി നേരിട്ട് നോട്ടീസ് നൽകണമെന്നും ഹൈക്കോടതി നിർദേശം നൽകി.
