കാസര്‍കോട്: പെരുന്നാള്‍ വിപണി സജീവമായിരുന്ന ആ പഴയ കാല കാര്യങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് പല വ്യാപാരികളും. നോട്ട് നിരോധനത്തിന് മുമ്പുള്ള പെരുന്നാള്‍ വിപണിയെ കുറിച്ച് പറയുമ്പോള്‍ പലരുടെയും ഉള്ളില്‍ ഒരു ആവേശമാണ്. എന്നാല്‍ ഇപ്പോഴിതാ പ്രതീക്ഷ കൈവിടാതെ പലരില്‍നിന്നുമായി കടം വാങ്ങിയോ ലോണെടുത്തും സ്റ്റോക്ക് വര്‍ദ്ധിപ്പിച്ച കുറെ ഏറെ വസ്ത്ര വ്യാപാരികളുണ്ട് നമുക്കിടയില്‍. അവരെ ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ സങ്കടമാണുള്ളത്. പെരുന്നാള്‍ വിപണി സജീവമാണെന്ന് പറയുമ്പോഴും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് (നോട്ട് നിരോധനത്തിന് മുമ്പുള്ള വിപണി) വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോഴും പൊതുജനം ആ ആഘാതത്തില്‍ നിന്നും മുക്തരായിട്ടില്ല എന്നുതന്നെ പറയാം. ആളുകളുടെ കയ്യില്‍ പണമില്ല. ഉള്ളത് കൊണ്ട് ജീവിതം നയിക്കുകയാണ്. പണക്കാരന്‍ പണക്കാരനായി തന്നെ തുടരുന്നു. അന്നന്നത്തെ ഉപജീവനം നോക്കുന്ന സാധരണക്കാരനും വ്യാപാരമേഖലയിലുള്ള ഇടത്തരക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. നോട്ട് നിരോധനത്തിന് ശേഷം ഇത് രണ്ടാമത്തെ റമളാനാണ് കടന്നു പോകുന്നത്.
വസ്ത്ര വ്യാപാരികള്‍ കൂടുതല്‍ പ്രതീക്ഷ അര്‍പ്പിച്ച ഈ പെരുന്നാള്‍ വിപണിയും കരുത്ത് പകരാത്തതിലുള്ള വൈഷമ്യം ഓരോരുത്തരും പങ്കുവെക്കുന്നു. പെരുന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കാസര്‍കോട് നഗരത്തില്‍ ജനങ്ങളാല്‍ വീര്‍പ്പ് മുട്ടുമായിരുന്നു മുന്‍ വര്‍ഷങ്ങളില്‍. എന്നാല്‍ ഇപ്പോഴിതാ ആളൊഴിഞ്ഞ നഗരവും കടകളുമാണ് കൂടുതലും. കച്ചവടക്കാരന്‍ കടങ്ങള്‍ വര്‍ധിച്ചു വരുന്നതല്ലാതെ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല . മൊത്ത കടക്കാരനില്‍ നിന്നും കടം വാങ്ങി കട നിറക്കുന്നതല്ലാതെ കടയിലേക്ക് ആളുകള്‍ കയറയുന്നതും വസ്ത്രങ്ങള്‍ വാങ്ങുന്നതും നാമ മാത്രമായെന്ന് വ്യാപാരികള്‍ പറയുന്നു.
പെരുന്നാള്‍ വിപണി പ്രതീക്ഷിച്ച വ്യാപാരികള്‍ക്ക് നിരാശതന്നെ; നോട്ട് നിരോധനവും ജി.എസ്ടി.യും വന്നതോടെ ഇടിഞ്ഞ വ്യാപാര മേഖല അതേപടി തുടരുന്നു