പെരിയ ഇരട്ട കൊലപാതകത്തിൽ സി.പി.എമ്മിനെ വെട്ടിലാക്കി പീതാംബരന്‍റെ ഭാര്യ; ഉദുമ എം.എൽ.എ ക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതൃത്വം

  • Post category:news
  • Reading time:1 min read
You are currently viewing പെരിയ ഇരട്ട കൊലപാതകത്തിൽ സി.പി.എമ്മിനെ വെട്ടിലാക്കി പീതാംബരന്‍റെ ഭാര്യ; ഉദുമ എം.എൽ.എ ക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതൃത്വം

കാസർകോട്: പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ സി.പി.എം കൂടുതൽ പ്രതിരോധത്തിലായി. സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരൻ ഇരട്ട കൊലപാതക കേസിൽ അറസ്റ്റിലായതോടെ പാർട്ടിക്ക് ബന്ധമില്ലെന്നും പീതാംബരനെ പാർട്ടിയിൽ നിന്നും പുറത്താകുന്നുവെന്നുമാണ് സി.പി.എം പറഞ്ഞത്. അതിന് പിന്നാലെ പീതാംബരനെ പുറത്താക്കിക്കൊണ്ടുള്ള പാർട്ടി ഔദ്യോഗിക അറിയിപ്പും വന്നു. എന്നാൽ ഇത് സി.പി.എമ്മിന്‍റെ ഇരട്ടത്താപ്പെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപോർട്ടുകൾ.

പാർട്ടി ഉന്നതങ്ങളിൽ നിന്നും നിർദേശം ലഭിക്കാതെ പീതാംബരൻ ഈ ക്രൂരത ചെയ്യില്ലെന്നാണ് പീതാംബരന്‍റെ ഭാര്യ വ്യക്തമാകുന്നത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത സംഘത്തോടായിരുന്നു പീതാംബരന്‍റെ ഭാര്യയുടെയും മകളുടെയും പ്രതികരണം.

പീതാംബരന്‍ ആക്രമിക്കപ്പെട്ട സമയത്ത് നേതാക്കളെല്ലാവരും കാണാനെത്തി. ഇപ്പോള്‍ ഒരാളും വന്നിട്ടില്ല. പാര്‍ട്ടിക്കായി നിന്നിട്ട് ഇപ്പോള്‍ പീതാംബരനെ പാ‍ര്‍ട്ടി പുറത്താക്കി. നേരത്തെ പ്രദേശത്തു ഉണ്ടായ അക്രമങ്ങളില്‍ പീതാംബരന്‍ പാര്‍ട്ടിക്ക് വേണ്ടിയാണ് പങ്കാളിയായത്. തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണ് പീതാംബരനെ പാര്‍ട്ടി തള്ളിപ്പറഞ്ഞത്. മുഴുവന്‍ കുറ്റവും പാര്‍ട്ടിയുടേതാണ്. പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാകാതിരിക്കാനാണ് തള്ളിപ്പറ‌ഞ്ഞത്. പാര്‍ട്ടിക്കുവേണ്ടി ചെയ്തിട്ട് ഒടുവില്‍ ഒരാളുടെ പേരില്‍ മാത്രം കുറ്റം ആക്കിയിട്ട് പാര്‍ട്ടി കയ്യൊഴിഞ്ഞെന്നും കുടുംബം പറയുന്നു.

അതേസമയം ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. പ്രതികള്‍ സഞ്ചരിച്ച കാര്‍ എം.എല്‍.എയുടെ വീടിന് സമീപം കണ്ടെത്തിയതായാണ് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ആരോപിച്ചത്. കാർ കസ്റ്റഡിയിലെടുക്കാൻ വന്ന പോലീസിനോട് എം.എൽ.എ തട്ടിക്കയറി. ‘നിന്‍റെ അന്വേഷണം ഇവിടെ നടത്തേണ്ട കാര്യമില്ല, മേലുദ്യോഗസ്ഥന്മാര്‍ പറയുന്ന രീതിയില്‍ അന്വേഷിച്ചാല്‍ മതി’യെന്ന് എം.എൽ.എ പറഞ്ഞതായും കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

0Shares