ഇടുക്കി: സ്ത്രീകള്‍ക്ക് നേരെ അശ്ലീല പരാമര്‍ശം നടത്തിയ എം.എം. മണി രാജിവെക്കണമെന്ന ആവശ്യവുമായി പെമ്പിളൈ ഒരുമൈ മൂന്നാറില്‍ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. പക്ഷെ നിരാഹാരം അവസാനിപ്പിച്ചെങ്കിലും സമരം സത്യാഗ്രഹമായി തുടരുകയാണ്. നിരാഹാരം അനുഷ്ഠിച്ചിരുന്ന ഗോമതി, രാജേശ്വരി, കൗസല്യ എന്നിവരുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്നലെ ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിലേക്ക് പോകാന്‍ വിസമ്മതിച്ച ഇവരെ പോലീസ് ബലം പ്രയോഗിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലും നിരാഹാരം തുടരുമെന്ന് അറിയിച്ച ഇവര്‍ രാത്രിയോടെ നിലപാട് മാറ്റുകയായിരുന്നു. രാത്രി ആശുപത്രിയില്‍ നിന്ന് സമര പന്തലില്‍ എത്തിയ ഇവര്‍ നിരാഹാരം അവസാനിപ്പിച്ചതായി അറിയിക്കുകയായിരുന്നു. എന്നാല്‍ എം.എം. മണിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും അതിനാല്‍ സത്യാഗ്രഹം തുടരുമെന്നും അറിയിച്ചു. വൈദ്യുതി മന്ത്രിയായ എം.എം. മണിയുടെ രാജി ആവശ്യപ്പെട്ട് ആറ് ദിവസമായി ഇവര്‍ മൂന്നാറില്‍ സമരം നടത്തി വരികയാണ്.

ആംആദ്മി പാര്‍ട്ടിയും, കോണ്‍ഗ്രസ്സും, ബി.ജെ.പി യും സമരത്തിന് പിന്തുണയുമായി ഇവര്‍ക്കൊപ്പം ഉണ്ടെങ്കിലും വലിയ ജനപിന്തുണ ലഭിക്കാത്തത് ഇവരുടെ മനോവീര്യം കെടുത്തുന്നു. മാത്രമല്ല സമരത്തെ സര്‍ക്കാര്‍ തള്ളിയതും, രാജിവെക്കില്ലെന്ന് എം.എം.മണി ആവര്‍ത്തിച്ചതും സമരക്കാര്‍ക്ക് തിരിച്ചടിയായി. ഇത് മുന്നില്‍ കണ്ടാകണം നിരാഹാരം അവസാനിപ്പിച്ച് കൊണ്ടുള്ള ഇവരുടെ തീരുമാനവും. സമരത്തിന്റെ തുടക്കം മുതല്‍ ഇന്നലെ വരെ ഉണ്ടായിരിക്കുന്നത് നാടകീയ രംഗങ്ങളാണ്. മാധ്യമ ശ്രദ്ധയും കോണ്‍ഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയുമാണ് സമരത്തിന്റെ മുഖ്യ ആകര്‍ഷണം. എന്നാല്‍ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഇവരും പിന്‍വലിയുന്ന അവസ്ഥയാണ് കാണാനാകുന്നത്. ആംആദ്മിയുമായുള്ള അഭിപ്രായ വ്യത്യാസവും ഗോമതിയുടെ ചില നിലപാടുകളും സമരത്തിനെ പിന്തുണയ്ക്കുന്നവര്‍ക്കും നിരാശ ഉണ്ടാക്കുന്നതാണ് കാരണം. അതുകൊണ്ട് തന്നെ ആരവത്തോടെ തുടക്കം കുറിച്ച മൂന്നാറിലെ ഈ സമരം ഒന്നുമല്ലാത്ത സ്ഥിതിലായി പോകുമോ..? എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മണിക്കെതിരെ വന്ന പെമ്പിളൈ ഒരുമൈയുടെ സമരം ‘മലപോലെ വന്നത് എലി പോലെ’ പോകുമോ എന്നതും കാത്തിരുന്ന് കാണാം…