കൊച്ചി: ഇടപ്പള്ളി പഞ്ചായത്തിന്റെ കീഴിലുള്ള പുതുവൈപ്പിനിലെ ജനവാസ കേന്ദ്രത്തില്‍ സ്ഥാപിക്കാന്‍ പോകുന്ന ഐ.ഒ.സി. പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയവര്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ലാത്തിച്ചാര്‍ജില്‍ പത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സമരം ചെയ്ത സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ കഴിഞ്ഞ ദിവസവും അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ് ലംഘിച്ചുകൊണ്ടുള്ള നിര്‍മ്മാണമാണ് നടക്കുന്നതെന്നാരോപിച്ചാണ് പ്രദേശവാസികള്‍ സമരം നടത്തുന്നത്.

പ്ലാന്റ് സ്ഥാപിക്കുന്ന നടപടികള്‍ താല്‍ക്കാലികമായി നിറുത്തി വയ്ക്കുമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മയുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, സമരക്കാരെ ഒഴിപ്പിക്കാന്‍ പോലീസ് രംഗത്തെത്തിയതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പോലീസുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട സമരക്കാര്‍ കല്ലെറിഞ്ഞതോടെ പോലീസ് ലാത്തിവീശി. സമരക്കാര്‍ പ്ലാന്റിലേക്ക് തള്ളിക്കയറാനും ശ്രമിച്ചു. കൂടുതല്‍ ജനങ്ങള്‍ സമരസ്ഥലത്തേക്ക് എത്തുന്നത് കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. കടല്‍ത്തീരത്തോട് ചേര്‍ന്ന് 38 ഏക്കര്‍ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നതിന് ചുറ്റുമതില്‍ കെട്ടി തിരിച്ചിട്ടുള്ളത്. കൊച്ചി തുറമുഖ ട്രസ്റ്റില്‍ നിന്ന് പാട്ടത്തിന് എടുത്തിട്ടുള്ളതാണ് ഈ സ്ഥലം.