
ന്യൂഡല്‍ഹി: പുതിയ രാഷ്ട്രപതി റാം നാഥ് കോവിന്ദിനു മുന്നിൽ ആദ്യ ഹർജിയുമായി എത്തിയത് നിലവില്‍ കോടതിയലക്ഷ്യക്കേസില്‍ ആറുമാസത്തെ ജയില്‍ വാസം അനുഭവിക്കുന്ന ജസ്റ്റിസ് കര്ണ്ണന്. സുപ്രീം കോടതിയാണ് ജസ്റ്റിസ് കര്‍ണനെ കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിച്ചത്. തന്റെ തടവ് ശിക്ഷ ഒഴിവാക്കണം എന്ന ആവശ്യവുമായാണ് കര്ണ്ണന് ഹര്‍ജി സമര്‍പ്പിച്ചത്.

ഭരണഘടനയനുസരിച്ച് ഹൈക്കോടാതി ജഡ്ജിമാരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് കർണൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജിക്കു ഹർജി നൽകിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. ഈ സാഹചര്യത്തിലാണു പുതിയ രാഷ്ട്രപതിക്കു മുന്നിൽ ശിക്ഷ ഒഴിവാക്കണമെന്ന ആവശ്യവുമായി ജസ്റ്റിസ് കർണൻ എത്തിയിരിക്കുന്നത്. കോടതിയലക്ഷ്യക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ഒന്നരമാസം ഒളിവിലായിരുന്ന ജസ്റ്റിസ് കർണനെ കഴിഞ്ഞ മാസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
