
ഗ്ലാസ്ഗോ: ചൈനയുടെ ചെന്‍ യുഫെയിയെ അനായാസം കീഴടക്കി പി. സിന്ധു ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ചൈനയുടെ ലോക ജൂനിയര്‍ ചാംപ്യനായ ചെന്‍ യുഫെയിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു കെട്ടുകെട്ടിച്ചാണ്. ഇതേ ഇനത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സൈനയാകട്ടെ ജപ്പാന്റെ നസോമി ഒകുഹറയ്ക്കു മുന്നില്‍ കീഴടങ്ങി. ലോക ചാംപ്യന്‍ഷിപ്പില്‍ കന്നിക്കിരീടം ലക്ഷ്യമിടുന്ന സിന്ധു, സൈനയെ തകര്‍ത്തെത്തുന്ന ഒകുഹറയെ കലാശപ്പോരില്‍ നേരിടും. 2015ല്‍ ജക്കാര്‍ത്തയില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ സൈന വെള്ളി നേടിയിരുന്നു. 2013ലും 2014 ലും പി.വി. സിന്ധു വെങ്കലം നേടി.

ചെന്‍ യുഫെയിക്കെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. 21-13, 21-10 എന്ന സ്‌കോറിനാണ് സിന്ധു നിഷ്പ്രയാസം ജയിച്ചുകയറിയത്. റിയോ ഒളിംപിക്സില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനം കാത്ത സിന്ധുവിന്റെ കന്നി ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശമാണിത്. അതേസമയം, കരിയറിലെ രണ്ടാം ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങിയ സൈന മൂന്നു സെറ്റു നീണ്ട പോരാട്ടത്തിലാണ് ജപ്പാന്‍കാരിയായ എതിരാളിയോട് അടിയറവു പറഞ്ഞത്. സ്‌കോര്‍: 21-18, 15-21, 7-21.
