പാകിസ്താന്‍റെ സൈനിക ക്യാംപ് ആക്രമിക്കേണ്ടെന്ന് വാജ്‌പേയി; അവസാന തീരുമാനം എടുക്കാനുണ്ടായ കാരണം?

  • Post category:news
  • Reading time:2 mins read
You are currently viewing പാകിസ്താന്‍റെ സൈനിക ക്യാംപ് ആക്രമിക്കേണ്ടെന്ന് വാജ്‌പേയി; അവസാന തീരുമാനം എടുക്കാനുണ്ടായ കാരണം?

2001ലെ പാര്‍ലമെന്റ് ആക്രമണത്തിനുപിന്നാലെ പാകിസ്താന് തിരിച്ചടി നല്‍കാന്‍ ഇന്ത്യ സജ്ജമായി. എന്നാല്‍, അവസാനനിമിഷം ദൗത്യത്തില്‍ നിന്നും പിന്മാറുകയായിരുന്നു. പാക് സൈനിക ക്യാംപുകള്‍ ആക്രമിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, അത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് മുന്‍ നാവികസേനാ മേധാവി പറഞ്ഞു. അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്ത് നാവികസേന മേധാവിയായിരുന്ന അഡ്മിറല്‍ സുശീല്‍ കുമാറിന്‍റെ പുസ്തകത്തിലാണ് നിര്‍ണായക തീരുമാനം എഴുതിചേര്‍ത്തിരിക്കുന്നത്.

2001 ഡിസംബര്‍ 13 ലെ പാര്‍ലമെന്റ് ആക്രമണത്തിനു ശേഷം സ്ഥിതി കലുഷിതമായിരുന്നു. എത്രയും പെട്ടെന്ന് പാകിസ്താന് തിരിച്ചടി നല്‍കാന്‍ തന്നെ സേന തീരുമാനിച്ചു. പെട്ടെന്നു തന്നെ മൂന്നു സേനാ തലവന്മാരും പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസും ദേശീയ സുരക്ഷാ ഉപദേശകന്‍ ബ്രജേഷ് മിശ്രയും സൈനിക നിലയത്തില്‍ ഒത്തുകൂടി.

ഭീകരവാദികള്‍ക്ക് പരിശീലനം നല്‍കുന്ന, നിയന്ത്രണ രേഖയ്ക്കപ്പുറം പാക് അധീന കശ്മീരില്‍ സ്ഥിതി ചെയ്യുന്ന പാകിസ്താന്‍റെ സൈനിക താവളം ആക്രമിക്കാന്‍ തീരുമാനമായി. പദ്ധതി നടപ്പിലാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി. സെനികരെല്ലാം പൂര്‍ണസജ്ജരായി നില്‍ക്കുമ്പോള്‍ അവസാന നിമിഷം ലഭിച്ച ഒരു രഹസ്യാന്വേഷണ വിവരം മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. പാകിസ്താന്‍ സേന പരിശീലന ക്യാംപ് മറ്റൊരിടത്തേക്ക് മാറ്റിയെന്നായിരുന്നു വിവരം. പുതിയ പരിശീലന ക്യാംപ് സ്ഥിതി ചെയ്തത് ഒരു സ്‌ക്കൂളിനും വലിയൊരു ആശുപത്രിക്കും നടുവില്‍.

നിരവധി ചര്‍ച്ചകള്‍ നടന്നു. അവസാന തീരുമാനം കൈക്കൊള്ളേണ്ടത് പ്രധാനമന്ത്രിയായിരുന്നു. ഒരു ആക്രമണം നടത്തിയാല്‍ അത് സേനാക്യാംപിനെ മാത്രമല്ല അടുത്തുള്ള മറ്റു സ്ഥാപനങ്ങളെയും നശിപ്പിക്കുമെന്നും അത് ഭീകരമായ ദുരന്തത്തിലേക്ക് നയിക്കുമെന്നും കരുതിയാണ് ആക്രമണം വേണ്ടെന്നു പ്രധാനമന്ത്രി തീരുമാനിച്ചത്, 135 പേജുള്ള പുസ്തകത്തില്‍ അഡ്മിറല്‍ പറയുന്നു. അന്ന് ആ അക്രമണം നടക്കാത്തതിനാല്‍ സേനയില്‍ നിരവധി മാറ്റങ്ങളും ആക്രമണത്തിനായി ശേഖരിച്ച വിഭവങ്ങള്‍ക്ക് നഷ്ടവും സംഭവിച്ചുവെന്നും അദ്ദേഹം പറയുന്നു.

അതുപോലെ വേള്‍ഡ് ട്രേഡ് സെന്റര്‍ സംഭവത്തിനു ശേഷം അഫ്ഗാനിസ്ഥാനെതിരെ അമേരിക്ക യുദ്ധം ആരംഭിച്ചപ്പോള്‍ ഇന്ത്യ തങ്ങളുടെ പക്ഷത്ത് നില്‍ക്കണമെന്ന് അമേരിക്ക ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അമേരിക്കയോട് ചേരാന്‍ വിദേശകാര്യമന്ത്രിയായിരുന്ന ജസ്വന്ത് സിങ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ സേനാത്തലവന്മാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അമേരിക്കയ്‌ക്കൊപ്പം ചേരണ്ടെന്ന് വാജ്‌പേയി തീരുമാനിക്കുകയായിരുന്നെന്നും സുശീല്‍കുമാര്‍ പറയുന്നു. ന്യൂയോര്‍ക്കിലെ ലോകവ്യാപാര സമുച്ചയത്തില്‍ ഉണ്ടായ ആക്രമണത്തിന് കാരണക്കാരായ അല്‍ ഖ്വയ്ദയ്ക്ക് താവളമൊരുക്കിയതിനാണ് അമേരിക്ക അഫ്ഗാനെതിരെ യുദ്ധം ആരംഭിച്ചത്.

0Shares