
പയ്യന്നൂര്‍ പെട്രോള്‍ പമ്പില്‍നിന്നും അര്‍ദ്ധരാത്രിയില്‍ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയ ബസ് എരിപുരത്ത് മതിലിലിടിച്ച് നിന്നു. കൂത്തുപറമ്പ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മാധവി മോട്ടോര്‍സ് കമ്പനിയുടെ ‘സ്റ്റാര്‍ ലൈറ്റ്’ ബസാണ് മോഷ്ടാക്കള്‍ കൊണ്ടുപോകുന്നതിനിടെ അപകടത്തില്‍പെട്ടത്. പെരുമ്പ രാജധാനി തിയേറ്ററിന് സമീപത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബസാണ് കഴിഞ്ഞ രാത്രിയില്‍ മോഷ്ടിച്ചുകൊണ്ടുപോയത്. രാത്രി പത്തിനാണ് പമ്പ് അടച്ചത്. പുലര്‍ച്ചെ നാലിന് എത്തിയ പമ്പിലെ ജീവനക്കാരനാണ് ബസ് കാണാതായ വിവരം അറിഞ്ഞത്.

പയ്യന്നൂര്‍-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് കടത്തിക്കൊണ്ടു പോയത്. പമ്പിലെ നിരീക്ഷണ കാമറയില്‍ മുഖം ടവല്‍കൊണ്ട് മറച്ച ആള്‍ രാത്രി 12.54 എത്തുന്നതും 1.02ന് ബസ് റോഡിലെത്തിച്ച് തിരിച്ച് ബസ് സ്റ്റാന്‍ഡിന്‍റെ ഭാഗത്തേക്ക് പോകുന്നതുമായ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പിന്നീട് രാവിലെ നടത്തിയ അന്വേഷണത്തിലാണ് കടത്തിക്കൊണ്ടുപോയ ബസ് പഴയങ്ങാടി എരിപുരം താലൂക്ക് ആശുപത്രിക്ക് സമീപം വീട്ടുമതിലിലിടിച്ച് തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം തുടങ്ങി.
