
ന്യൂസ് 18 ചാനലില്‍ നടന്ന തൊഴില്‍ പീഡനത്തെയും അത് റിപ്പോര്‍ട്ട് ചെയ്ത നാരദ ഓണ്‍ലൈന്‍ പോര്‍ട്ടലിനെയും വിശകലനം ചെയ്ത് മാധ്യമ പ്രവര്ത്തകന് സുധീഷ് സുധാകരന് ഫേസ്ബുക്കില്‍ ചെയ്ത പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
“നമ്മുടെ സ്ഥാപനം പൂട്ടാൻ പോകുന്നു എന്നത് ഒരു റൂമർ മാത്രമാണു. ഞാനിതു നടത്തും. ന്യൂ ഇയർ അല്ലേ വരുന്നത്. നമ്മൾ ഏതെങ്കിലും ഒരു വലിയ ഹോട്ടലിൽ ഒരു ന്യൂ ഇയർ പാർട്ടി അറേഞ്ച് ചെയ്യുന്നു.”മുതലാളി തുടരുകയാണു. ഹിന്ദി സെഷനിലേയും ഇംഗ്ലീഷ് സെഷനിലേയും പിള്ളേരുടെ മുഖത്ത് സന്തോഷം ഞാൻ കണ്ടു. എനിക്കു പക്ഷേ സന്തോഷം ഉണ്ടായിരുന്നില്ല. കാരണം ഈ പറയുന്നതെല്ലാം നുണയാണെന്ന് എനിക്കറിയാമായിരുന്നു. പറയുന്നത് മാത്യു സാമുവൽ ആണു. നാരദ പൂട്ടുന്നതിനു നാലഞ്ചു മാസം മുന്നേ ഡിസംബർ മാസത്തിലെ ഒരു മരവിച്ച ഡൽഹി വൈകുന്നേരമാണു പശ്ചാത്തലം. മീറ്റിംഗ് കഴിഞ്ഞയുടൻ എഡിറ്റോറിയൽ പൊസിഷനിൽ ഉള്ളവരും മാത്യു സാമുവലും കൂടി പുറകിലെ സ്പേസിൽ ഒരു മീറ്റിംഗ് നടന്നു. മീറ്റിംഗ് കഴിഞ്ഞ് പുറത്തേയ്ക്ക് വന്ന ബംഗാളിയായ അരിജീത് ദത്ത ആകെ അസ്വസ്ഥനായിരുന്നു. അരിജീത് എന്നെയും വിളിച്ചുകൊണ്ട് പുറത്തേയ്ക്ക് പോയി .
അരിജീത്ത് കൈകൾ കൂട്ടിത്തിരുമ്മുന്നുണ്ടായിരുന്നു. തണുപ്പ് മാത്രമല്ല കാരണം..അരിജീത്ത് അസ്വസ്ഥനായാൽ കൈകൾ കൂട്ടിത്തിരുമ്മും..“സുധീഷ്, ഇയാൾ നുണ പറയുകയാണു. ഇവരെയെല്ലാം പറ്റിക്കുകയാണു. പുറകിൽ വെച്ചുനടന്ന കോൺഫിഡൻഷ്യൽ മീറ്റിംഗിൽ ഇയാൾ പറഞ്ഞത് ഇയാൾ ഹിന്ദി സെഷൻ ഒരു മാസത്തിനുള്ളിൽ പൂട്ടാൻ പോകുകയാണെന്നാണു. ആൻഡ് ഹി ഈസ് ലയിംഗ് ടു ദീസ് പുവർ ഗയ്സ്. ഹി ഈസ് സപ്പോസ്ഡ് ടു കൺവേ ദിസ് ഏർലിയർ നാ? അവർക്ക് പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാൽ മറ്റൊരു ജോലി കണ്ടുപിടിക്കണ്ടേ? വൈ ഈസ് ഹി ഗിവിംഗ് ദെം ഹോപ് ആൻഡ് ചീറ്റിംഗ് ദെം ? ഹി ഈസ് എ ഫെയ്ക് ..”
ഇതുകഴിഞ്ഞ് ഒരുമാസം കഴിഞ്ഞപ്പോൾ ഞാൻ രാജിവെച്ചു. പിന്നീട് അരിജീത് രാജി വെച്ചു…
രണ്ടുമാസം കൂടിക്കഴിഞ്ഞ് പെട്ടെന്നൊരു ദിവസം / അല്ലെങ്കിൽ ഒരാഴ്ച്ചക്കാലയളവിൽ ഡൽഹി ഓഫീസിലെ ഇരുപതോളം തൊഴിലാളികളെ ശമ്പളം പോലും കൊടുക്കാതെ അനിശ്ചിതത്വത്തിലേയ്ക്ക് തള്ളിവിട്ടുകൊണ്ട് ഡൽഹി ഓഫീസ് അടച്ചുപൂട്ടി. അവർക്കാർക്കും ഇപ്പോഴും ശമ്പളം കൊടുത്തിട്ടില്ല. അവരിൽ ചിലരെങ്കിലും ആത്മഹത്യ ചെയ്യാൻ പോലും സാധ്യതയുള്ള ജീവിതാവസ്ഥകളിലായിരുന്നു.
ഇതൊക്കെ ഇപ്പോൾ പറഞ്ഞതെന്തിനാണെന്ന് വെച്ചാൽ, ന്യൂസ് 18 ചാനലിലെ തൊഴിലാളി പ്രശ്നത്തെ വളച്ചൊടിച്ചു ദളിത് പീഡനവും സ്ത്രീപീഡനവും ഒക്കെ ആക്കി മാറ്റാൻ മുന്നിട്ടിറങ്ങിയ നാരദാ ന്യൂസിന്റെ ട്രാക്ക് റെക്കോർഡ് ഒന്ന് ഓർമ്മിപ്പിക്കാനാണു. റിലയൻസും തൊഴിലാളികളും തമ്മിലുള്ള പ്രശ്നത്തിൽ ഇടതുപക്ഷ മാധ്യമപ്രവർത്തകരെ കുടുക്കാനുള്ള സംഘി അജണ്ടയ്ക്ക് ഷാജൻ സക്കറിയ മാത്രമല്ല കൂട്ടുനിൽക്കുന്നത് (അയാൾ അതു ഓപ്പൺ ആയി ചെയ്യുന്നതാണു )… മറിച്ച് വലിയ ആന്റി ബി. ജെ. പി എന്നു സ്വയം ഭാവിക്കുന്ന നാരദാ ന്യൂസ് കൂടിയാണു. പച്ചിലയില്പതുങ്ങിക്കിടക്കുന്ന പച്ചിലപ്പാമ്പാണീ മാധ്യമം…
നാരദാന്യൂസിൽ ഇപ്പോഴും ജോലി ചെയ്യുന്ന എന്റെ സുഹൃത്തുക്കളായവരും അല്ലാത്തവരുമായ എമ്പ്ലോയീസിനോട് ഒരുകാര്യം പറയാം. ന്യൂസ് 18 വിഷയം ഒരു തൊഴിൽ പ്രശ്നം എന്നനിലയിൽപ്പോലും ഉന്നയിക്കാനുള്ള യോഗ്യത നിങ്ങളുടെ പോർട്ടലിനോ അതിന്റെ മുതലാളിക്കോ ഇല്ല.
