ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനു ശേഷം വിവിധ ബാങ്കുകളിലായി കണക്കില്‍പ്പെടാത്ത നാലു ലക്ഷം കോടി രൂപയെത്തിയതായി ആദായ നികുതി വകുപ്പ്. ഇതിനെ തുടര്‍ന്ന് ബാങ്കുകളിലെ നിക്ഷേപങ്ങളെക്കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷണവും തുടങ്ങി. കേരളത്തിലെ സഹകരണബാങ്കുകളില്‍ മാത്രമായി 16,000 കോടി രൂപയുടെ കള്ളപ്പണമാണ് എത്തിയത്. ഇടപാടുകളില്ലാത്ത നിഷ്ക്രിയ അക്കൗണ്ടുകളില്‍ നോട്ട് നിരോധനത്തിനു ശേഷം വന്‍ നിക്ഷേപമാണ് നടന്നിട്ടുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ പല അക്കൗണ്ടുകളും വ്യാജമാണെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്.

വായ്പ തിരിച്ചടവ് ഇനത്തിലും വന്‍ തോതില്‍ നിക്ഷേപമാണ് ബാങ്കില്‍ എത്തിയത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നോട്ട് അസാധുവാക്കിയതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോണ്‍ഗ്രസ് നേതാവ് എം വീരപ്പമൊയ്ലി അധ്യക്ഷനായ പാര്‍ലമെന്റില്‍ നല്കിയ വിശദീകരണം. എന്നാല്‍ ഇതിന് നേര് വിപരീതമായി രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന കള്ളപ്പണവും അഴിമതിയും തടയാന്‍ വലിയ നോട്ടുകള്‍ അസാധുവാക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടിരുന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ അറിയിച്ചു.