ന്യൂഡല്‍ഹി: കുറ്റവാളിയായ തന്റെ മകനെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്ന് സമൂഹത്തിന് മാതൃകയാവുകയാണ് ഡല്‍ഹി പോലീസിലെ എ.എസ്.ഐ. രാജ് സിങ്ങ്. ഒരു പെണ്‍കുട്ടിയെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് ഇദ്ദേഹത്തിന്റെ മകന് അമിതിനെ പോലിസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി പോലീസിന് ഈ സംഭവത്തെ കുറിച്ച് വിവരം ലഭിച്ച ഉടനെ കേസില്‍ തന്റെ മകനുള്ള പങ്ക് വ്യക്തമാക്കിയ രാജ് സിങ് നജഫ്ഗഢ് പോലിസ് സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യാഗസ്ഥര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുകയായിരുന്നു. അമിതിന് താമസ സൗകര്യം ഒരുക്കുന്നതില്‍ നിന്ന് ബന്ധുക്കളെ വിലക്കുകയാണ് സിങ് ആദ്യം ചെയ്തത്. തന്റെ മകന് ചെയ്തത് തെറ്റാണെന്നും അതു കൊണ്ടു തന്നെ കുറ്റക്കാരനാണെന്നും രാജ് സിങ് ബന്ധുക്കളെ ധരിപ്പിച്ചു.
തനിക്ക് തന്റെ കര്‍ത്തവ്യമാണ് പരമപ്രധാനമെന്നും സത്യവും നീതിയും നടപ്പിലാക്കുകയാണ് തന്റെ കടമയെന്നും ഒരു പോലീസ് ഓഫീസര്‍ക്ക് മറ്റേതൊരു കുറ്റവാളിയുമെന്നപോലെ തന്നെയാണ് കുറ്റം ചെയ്ത് തന്റെ മകനെന്നും സിങ് പറഞ്ഞു. സൗത്ത് വെസ്റ്റ് ഡല്‍ഹി ജോയിന്റ് പോലീസ് കമ്മീഷണര്‍ ദീപേന്ദ്ര പഥക് രാജ് സിങിന്റെ ഉത്തമമായ കര്‍ത്തവ്യബോധത്തെ പ്രശംസിച്ചു.
നീതിക്ക് ദാക്ഷിണ്യമില്ല; കുറ്റവാളിയായ മകനെ നീതിക്ക് മുന്നിലേല്പ്പിച്ച് പോലിസ് ഉദ്യാഗസ്ഥന് മാതൃകയായി .