തിരുവനന്തപുരം: ശബരിമല പ്രശ്നത്തില്‍ സമവായമുണ്ടാക്കാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പാളിയതിന് പിന്നാലെ, വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്നപരിഹാരത്തിന് വഴികള്‍ തേടാനാണ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചത്. കോടതി വിധി സ്റ്റേ ചെയ്യാത്തിടത്തോളം കാലം അത് നടപ്പാക്കുക മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ള പോംവഴി. വിശ്വാസമാണ് വലുത് മൗലികാവകാശവും ഭരണഘടനയുമല്ല എന്നൊരു നിലപാട് സര്‍ക്കാരിന് എടുക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അതില്‍ സമവായം തേടാന്‍ ശ്രമിച്ചപ്പോള്‍ പ്രതിപക്ഷവും ബി.ജെ.പിയും ഒരേ നിലപാടാണെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാരിന് ദുര്‍വാശിയില്ല. എന്നാല്‍ വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. മുന്‍വിധിയോടെയാണ് സര്‍ക്കാര്‍ വന്നതെന്ന് പ്രതിപക്ഷവും ബി.ജെ.പിയും ആരോപിച്ചു. എന്നാല്‍ സര്‍ക്കാരിന് അത്തരം മുന്‍വിധികളില്ല. കോടതി എന്തു പറഞ്ഞോ അത് നടപ്പിലാക്കുക എന്ന ബാധ്യത സര്‍ക്കാരിനുണ്ട്. ശബരിമലയിലെ സ്ത്രീപ്രവേശനത്തെക്കുറിച്ച് പാര്‍ട്ടിയ്ക്ക് വേറെ നിലപാടുകളുണ്ടാകാം. എന്നാല്‍ അതൊന്നും സര്‍ക്കാരിന് കണക്കിലെടുക്കാനാകില്ല. വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാര്‍ എന്നതില്‍ സംശയമില്ല. വിശ്വാസികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കും.’- മുഖ്യമന്ത്രി വ്യക്തമാക്കി.
നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി; ഭരണഘടനയ്ക്ക് മുകളിലല്ല വിശ്വാസം; സാവകാശ ഹര്‍ജി എന്തുവന്നാലും നല്‍കില്ല