നിരീക്ഷണ സമിതി റിപ്പോര്‍ട്ട് നല്‍കി; ശബരിമലയിലെ മുഴുവന്‍ നിയന്ത്രണങ്ങളും നീക്കാന്‍ ഹൈക്കോടതി ഉത്തരവ്

  • Post category:news
  • Reading time:1 min read
You are currently viewing നിരീക്ഷണ സമിതി റിപ്പോര്‍ട്ട് നല്‍കി; ശബരിമലയിലെ മുഴുവന്‍ നിയന്ത്രണങ്ങളും നീക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ശബരിമലയില്‍ തീര്‍ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഹൈക്കോടതി ഇടപെടല്‍. വാവര്‍ നട, മഹാകാണിക്ക, ലോവര്‍ തിരുമുറ്റം, വലിയ നടപ്പന്തല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ബാരിക്കേഡ് അടക്കമുള്ള മുഴുവന്‍ നിയന്ത്രണങ്ങളും നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ശബരിമല നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്. തീര്‍ഥാടക നിയന്ത്രണങ്ങള്‍ ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ നിര്‍ദേശത്തിനനുസരിച്ചാകണമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.
ശബരിമലയില്‍ രാത്രി 11 മണിക്ക് ശേഷം തീര്‍ത്ഥാടകരെ തടയരുത്, നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കും തിരിച്ചും ഒരുമിച്ച് ടിക്കറ്റെടുക്കാന്‍ തീര്‍ത്ഥാടകരെ കെ.എസ്.ആര്‍.ടി.സി നിര്‍ബന്ധിക്കരുത്, യാത്രക്കാര്‍ക്ക് ആവശ്യമുള്ള ടിക്കറ്റേനല്‍കാവൂയെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് തടസമില്ല. സന്നിധാനത്ത് പ്രതിഷേധം പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന തീര്‍ഥാടകരെ കെ.എസ്.ആര്‍.ടി.സി പാര്‍ക്കിങ് ഏരിയയില്‍ ഇറക്കാതെ നിലയ്ക്കല്‍ ടൗണില്‍ തന്നെ എത്തിക്കണം. ഹൈക്കോടതിക്ക് സമര്‍പ്പിച്ച ഉന്നതാധികാര സമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സര്‍ക്കാരിന് കൈമാറും. നിലയ്ക്കലില്‍ പൊലീസിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഇവിടെ ആശുപത്രിയില്‍ കാര്‍ഡിയോളജിസ്റ്റിനെ നിയമിക്കണമെന്നും ഉന്നതാധികാര സമിതി നിര്‍ദേശിച്ചു. ഒപ്പം പമ്പയില്‍ കൂടുതല്‍ ടോയിലറ്റ് സൗകര്യം ഒരുക്കാനും നിര്‍ദേശം നല്‍കി.

0Shares