നാശം വിതയ്ക്കാന്‍ തിത്ലി ചുഴലിക്കാറ്റ് വരുന്നു; ഒഡീഷാ തീരത്ത് റെഡ് അലേര്‍ട്ട്

  • Post category:news
  • Reading time:1 min read
You are currently viewing നാശം വിതയ്ക്കാന്‍ തിത്ലി ചുഴലിക്കാറ്റ് വരുന്നു; ഒഡീഷാ തീരത്ത് റെഡ് അലേര്‍ട്ട്

ന്യൂഡല്‍ഹി: ലുബാന്‍ പിന്‍വാങ്ങിയപ്പോള്‍ നാശം വിതയ്ക്കാന്‍ തിത്ലി ചുഴലിക്കാറ്റ് വരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തിത്‌ലി ചുഴലിക്കാറ്റ് ഒഡീഷാ-ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച തിത്‌ലി ഒഡീഷാ- ആന്ധ്രാപ്രദേശ് തീരത്തെത്തും.ബുധനാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചേക്കും. ഒഡീഷയുടെ തീരദേശ ജില്ലകളില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും ഐ.എം.ഡി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ ചുഴലിക്കാറ്റു വീശാനും സാധ്യതയുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചയോടെ ഗോപാല്‍പുറിനും കലിംഗപട്ടണത്തിനും ഇടയില്‍ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും മണ്ണിടിച്ചിലുമുണ്ടാകാന്‍ സാധ്യതയുണ്ട്. മണിക്കൂറില്‍ 125 കിലോമീറ്ററോളം വേഗത്തില്‍ കാറ്റുവീശിയേക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനു തയ്യാറായിരിക്കാന്‍ എല്ലാ ജില്ലാ അധികൃതര്‍ക്കും ഒഡീഷ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ഒഡീഷയിലെ നാലുജില്ലകളിലെ എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ബുധനാഴ്ച മുതല്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

0Shares