ന്യൂഡല്‍ഹി: നാളെയുടെ ഇന്ത്യക്കായി പ്രധാനമന്ത്രിയുടെ പുതിയ സമവാക്യം. ”ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി +ഇന്ത്യന്‍ ടാലന്റ് = നാളത്തെ ഇന്ത്യ (ഐ.ടി + ഐ.ടി = ഐ.ടി)”എന്നതാണ് അസാധാരണമായ ഈ സമവാക്യം. സുപ്രീംകോടതിയുടെ പുതിയ ഡിജിറ്റല്‍ ഫയലിംഗ് സംവിധാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ രസകരമായ ഈ അഭിപ്രായം. രാജ്യത്തിന് സാങ്കേതികവിദ്യയെ കൂടുതല്‍ കൂട്ടിച്ചേര്‍ക്കണം. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളും ഇതിന്റെ യഥാര്‍ഥനേട്ടം കൈവരിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഏതാനും ആളുകള്‍ക്ക് മാത്രമേ വിവര സാങ്കേതിക വിദ്യയില്‍ താല്‍പ്പര്യം ഉള്ളൂ. ഫാഷന്‍ എന്നതിലുപരി, കൂട്ടായ പ്രയോജനങ്ങള്‍ക്ക് സാങ്കേതിക വിദ്യയെ സ്വീകരിക്കുക. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും വിവരസാങ്കേതിക വിദ്യയെ പ്രയോജനപ്രദമായി ഉപയോഗിക്കണം. കുറച്ചുപേര്‍ മാത്രം ഉപയോഗിച്ചാല്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടില്ല. പഴയ കാഴ്ചപ്പാടുകള്‍ മാറേണ്ടിയിരിക്കുന്നു. ഒരാള്‍ക്ക് എസ്എംഎസ് അയച്ച ശേഷം ഫോണ്‍ വിളിച്ച് അത് കിട്ടിയോ
എന്ന് ചോദിക്കുന്നതിനെയാണ് ഞാന്‍ പഴയ കാഴ്ചപ്പാട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും മോദി വ്യക്തമാക്കി. ഇ-ഗവേണന്‍സ് ലളിതവും, ഫലപ്രദവും, സാമ്പത്തികവും, പരിസ്ഥിതി സൗഹൃദവുമാണ്, പേറ്റന്റ് ഓഫീസുകള്‍ക്ക് പരിസ്ഥിതിയ്ക്ക് പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.