ന്യൂഡല്‍ഹി: ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എന്ന ചൊല്ലിനെ തികച്ചും അപ്രസക്തമാക്കിക്കൊണ്ട് മുന്നേറുകയാണ് പതഞ്ജലിയും ബാബ രാംദേവും. ദിനംപ്രതി പുതിയ ബിസിനസ്സുകളിലൂടെ തരംഗം സൃഷ്ടിക്കുന്ന പതഞ്ജലിയുടെ വ്യവസായ സാമ്രാജ്യം ഏറ്റവുമൊടുവില്‍ കൈവെച്ചിരിക്കുന്നത് റെസ്റ്റോറന്റ് രംഗത്താണ്. നൂറുശതമാനം വെജിറ്റേറിയന്‍ റെസ്റ്റോറന്റായ പോസ്റ്റിക്കിന് ഛണ്ഡിഗഢിലാണ് തുടക്കം കുറിച്ചിരിക്കുന്നത്. വൈകാതെ ഇന്ത്യയിലെ വന്‍നഗരങ്ങളിലെല്ലാം പതഞ്ജലി റെസ്റ്റോറന്റുകള്‍ ഇടംപിടിക്കും. സിരഖ്പുരില്‍ ആരംഭിച്ച റെസ്റ്റോറന്റിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. രാംദേവിന്റെയും കമ്പനി സിഇഒ ബാല്‍കൃഷ്ണയുടെയും ചിത്രങ്ങളടങ്ങിയതാണ് റെസ്റ്റോറന്റിലെ മെനു കാര്‍ഡുകള്‍.

ഭിത്തിയിലും ഇവരുടെ ചിത്രങ്ങളുണ്ട് ഉപഭോക്താക്കള്‍ക്ക് അത്യാവശ്യം വേണ്ട ഹെല്‍ത്ത് ടിപ്പുകളും മെനു കാര്‍ഡില്‍ ലഭ്യമാണ്. ഉപഭോക്താക്കളുടെ ആരോഗ്യത്തെ മുന്‍നിര്‍ത്തിയാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. റീട്ടെയില്‍ രംഗത്തെ വന്‍വിജയത്തിന്റെ ചുവടുപിടിച്ചാണ് പതഞ്ജലി പുതിയ ബിസിനസ് രംഗങ്ങളിലേക്ക് കടക്കുന്നത്. റീട്ടെയില്‍ രംഗത്ത് പല മള്‍ട്ടിനാഷണല്‍ ബ്രാന്‍ഡുകളെയും ഇതിനകം പുറന്തള്ളാന്‍ പതഞ്ജലിക്കായിട്ടുണ്ട്. കോള്‍ഗേറ്റ്, നെസ്ലെ തുടങ്ങിയ ബ്രാന്‍ഡുകളെ പിന്തള്ളിയ പതഞ്ജലി, 150 ശതമാനത്തോളം വളര്‍ച്ചയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കൈവരിച്ചത്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 2000 കോടി രൂപയുടെ വിറ്റുവരവുണ്ടായിരുന്ന സ്ഥാപനം, തൊട്ടടുത്ത വര്‍ഷം 5000 കോടി രൂപയുടെ നേട്ടമുണ്ടാക്കിയിരുന്നു. ഹിന്ദുസ്ഥാന്‍ യുണിലിവറിനെ മറികടന്ന് ഇന്ത്യയിലെ ഒന്നാം നമ്പര്‍ ബ്രാന്‍ഡാവുകയാണ് രാംദേവിന്റെ ലക്ഷ്യം. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ നിന്നൊഴിയുമ്പോഴേക്കും ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാന്‍ഡായി പതഞ്ജലി മാറുമെന്ന കാര്യത്തില്‍ ഉറപ്പായിരിക്കെയാണ്.