കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയുടെ സഹതടവുകാരായിരുന്ന രണ്ടുപേര്‍ അറസ്റ്റില്‍. വിഷ്ണു, സനല്‍ എന്നിവരാണ് അറസ്റ്റിലായത്. മാര്‍ച്ച് അവസാനത്തോടു കൂടിയാണ് ഇരുവരും ജയിലില്‍ നിന്ന് ഇറങ്ങിയത്. സുനില്‍ കുമാര്‍ പറഞ്ഞിട്ടാണ് ദിലീപിനോട് പണം ആവശ്യപ്പെട്ടതെന്നാണ് ഇവര്‍ പോലീസിന് മൊഴി നല്‍കിയത്. സുനില്‍ കുമാറിന്റെ കൈവശം പണമുണ്ടായിരുന്നില്ല. കേസുനടത്താന്‍ പണം വേണ്ടതിനാല്‍ ദിലീപിനോട് പണം വാങ്ങണമെന്ന് ആവശ്യപ്പെട്ടു.

പണം ലഭിച്ചാല്‍ വിഹിതം നല്‍കാമെന്നും സുനില്‍ കുമാര്‍ അറിയിച്ചതായി ഇവര്‍ മൊഴി നല്‍കി.സുനില്‍ കുമാറിന്റെ കത്ത് ദിലീപിനെത്തിക്കാന്‍ മുന്‍കൈയെടുത്തതും വിഷ്ണുവാണ്. എന്നാല്‍ ദിലീപിന്റെ പരാതി പ്രകാരമുള്ള കേസിലല്ല ഇവരെ കോടതിയില്‍ ഹാജരാക്കിയത്. നടിയെ അക്രമിച്ച കേസിന്റ ഭാഗമായാണ് ഇവരെ ഹാജരാക്കിയത്. കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്തു.