നടിയെ ആക്രമിച്ച സംഭവം: കള്ളന്‍ കപ്പലില്‍ തന്നെ!

  • Post category:news
  • Reading time:2 mins read
You are currently viewing നടിയെ ആക്രമിച്ച സംഭവം: കള്ളന്‍ കപ്പലില്‍ തന്നെ!

കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ചതിന് പിന്നില്‍ ഒരു സൂപ്പര്‍ സ്റ്റാറാണെന്ന വെളിപ്പെടുത്തലുമായി ‘സിനിമാ മംഗളം’ രംഗത്ത്. സിനിമാ മേഖലയിലെ നിരവധി ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്തെത്തിച്ച സിനിമാ മാധ്യമ പ്രവര്‍ത്തകന്‍ പല്ലിശേരിയാണ് കേസില്‍ നടിക്ക് നീതി ലഭിക്കില്ലെന്ന് തെളിവു സഹിതം സിനിമാ മംഗളത്തില്‍ പരാമര്‍ശിക്കുന്നത്. വിഷയത്തില്‍ ഈ സൂപ്പര്‍ താരത്തിന്റെ ബന്ധം ഉറപ്പിക്കുന്ന വിവരങ്ങള്‍ അദ്ദേഹം വ്യക്തമായി അവതരിപ്പിക്കുന്നു. വസ്തു ഇടപാടുകളിലെ ചില പിന്നാമ്പുറ കഥകളാണ് പല്ലിശേരി തുറന്ന് കാണിക്കുന്നത്. പ്രമുഖ നടന്‍ ആദ്യകാലത്ത് തന്റെ ആദ്യ ഭാര്യയുടെപേരിലും, ആക്രമിക്കപ്പെട്ട നടിയുടെ പേരിലും കൊച്ചിയില്‍ ചില ഭൂമികള്‍ എഴുതി വച്ചിരുന്നു. വിമാനത്താവളത്തിനടുത്ത് സ്ഥിതി ചെയ്യുന്ന കണ്ണായ ഭൂമിക്ക് ഇപ്പോള്‍ ശതകോടികള്‍ക്ക് മീതെ വിലമതിക്കും. അക്രമിക്കപ്പെട്ട നടി അദ്ദേഹത്തിന്റെ ബിനാമി കൂടിയാണ്. ഈ ഭൂമി സംബന്ധിച്ച് ഏറെ നാളായി ഇവര്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. പല്ലിശേരിയുടെ റിപ്പോര്‍ട്ടിലെ പ്രധാന ഭാഗം ഇപ്രകാരം: -‘നല്ല സമയത്ത് നടന്‍ ബിനാമി എന്ന നിലയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേരില്‍ കുറേ സ്വത്തുകള്‍ എഴുതി വച്ചു. രണ്ടാം വിവാഹ ശേഷം അതെല്ലാം നടന്റെയോ നടന്റെ പുതിയ ഭാര്യയുടെ പേരിലോ എഴുതി വെക്കണമെന്നും വിചാരിച്ചു. അതനുസരിച്ച് നടന്‍ ആക്രമണ വിധേയയായ നടിയെ വിളിച്ചു. നടി അപ്പോള്‍ ഒരു സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയം. മൊബൈലില്‍ ഫോണ്‍ വന്ന ശേഷം അവര്‍ ദേഷ്യപ്പെട്ടും സങ്കടപ്പെട്ടും സംസാരിക്കുന്നത് ലോക്കേഷനില്‍ പലരും ശ്രദ്ധിച്ചു. നടിക്കൊരു പ്രണയമുണ്ടായിരുന്നു അവര്‍ തമ്മില്‍ കല്യാണവും നിശ്ചയിച്ചതാണ്. അതുകൊണ്ട് എന്താണ് കാര്യമെന്ന് ആരും അന്ന് ചോദിച്ചില്ല. തുടര്‍ന്ന് മൂഡ് ഓഫ് ആയി നടി കുറേ സമയം അഭിനയിക്കാന്‍ കഴിയാതെ വെറുതെ ഇരുന്നു. അതില്‍ പിന്നീട് പലപ്പോഴും നടനും നടന്റെ ആള്‍ക്കാരും നടിയെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. താന്‍ എല്ലാം എഴുതി തരാന്‍ തയ്യാറാണെന്നും അത് നടന്റെ മുന്‍ ഭാര്യയുടെ പേരില്‍ മാത്രമേ നല്‍കൂവെന്നും നടി തറപ്പിച്ച് പറഞ്ഞു. അന്നു മുതല്‍ വൈരാഗ്യ ബുദ്ധിയോടെ എല്ലാ രേഖകളും എങ്ങനെയെങ്കിലും പിടിച്ചെടുക്കണമെന്ന ചിന്തയിലായിരുന്നു നടന്‍. നടിയെ കുടുക്കാനും സ്വന്തം പേരിലോ രണ്ടാം ഭാര്യയുടെ പേരിലോ ഭൂമി സംബന്ധമായ രേഖകള്‍ മാറ്റാനും ശ്രമം തുടര്‍ന്നു. അതിന് ക്വട്ടേഷന്‍ നല്‍കിയത് പള്‍സര്‍ സുനിക്കായിരുന്നു. നടിയുടെ വിവാഹം മുടങ്ങുന്ന തരത്തിലും പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നതായാണ് അറിയുന്നത്. അവസരം കിട്ടിയപ്പോള്‍ പള്‍സര്‍ സുനി അത് ശരിക്കും മുതലാക്കി. ഇത്തരം കേസുകള്‍ മുമ്പ് പലര്‍ക്ക് നേരേയും പ്രയോഗിച്ച് പണം സമ്പാദിച്ചിട്ടുണ്ടെങ്കിലും അന്ന് ഇരകളാരും മാനം നഷ്ടപ്പെടുമെന്നോര്‍ത്ത് സംഭവം പുറത്ത് പറയുകയോ പേലീസില്‍ പരാതി നല്‍കുകയോ ചെയ്തില്ല.

 

അതുപോലെ ഇപ്രാവശ്യം ആക്രമണത്തിന് ഇരയായ നടിയും പരാതി നല്‍കില്ലെന്നാണ് സുനി കരുതിയത്. സംവിധായകനും നടനുമായ ലാലിന്റെ വീട്ടില്‍ വെച്ച് എല്ലാം പോലീസിനെ വിളിച്ച് പറഞ്ഞപ്പോള്‍ കളി പാളിപ്പോയി.’പ്രമുഖ നടീ നടന്മാര്‍ തമ്മിലുള്ള അകല്‍ച്ചയിലും അതു സംബന്ധിച്ച കേസിലും, ആക്രമണ വിധേയായ ഈ നടി കൈക്കൊണ്ട നിലപാടില്‍ നടന്‍ അസന്തുഷ്ടനായിരുന്നുവത്രെ.സംയുക്താ വര്‍മ്മയുടെ ഭര്‍ത്താവ് ബിജു മേനോനും, പൂര്‍ണിമയുടെ ഭര്‍ത്താവ് ഇന്ദ്രജിത്തിനും സിനിമയില്‍ അവസരം നഷ്ടമായതിന്റെ പിന്നില്‍ ഈ സൂപ്പര്‍ നടന്‍ ആണെന്നാണ് പല്ലിശേരി എഴുതുന്നത്. എന്നാല്‍ ബിജുവിന്റെ കഴിവിന്റെ ബലത്തില്‍ നടന്റെ കുതന്ത്രം ഫലിച്ചില്ല. നഷ്ടം നടിക്കും ഇന്ദ്രജിത്തിനുമാണുണ്ടായത്. ഇതിനൊപ്പം റീമ കല്ലിങ്കല്ലിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതും, നടി മേനകാ സുരേഷ് കുമാറിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതും പല്ലിശേരി കുറിക്കുന്നു. നടിയെ തട്ടിക്കൊണ്ട് പോയ രീതിയും സാഹചര്യവുമെല്ലാം പല്ലിശേരി വിശദീകരിക്കുന്നു. ലേഖനത്തിന്റെ അവസാന ഭാഗത്ത് അഞ്ചു നടന്മാരെയെങ്കിലും പള്‍സര്‍ വെള്ളം കുടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു. സിനിമക്കാര്‍ക്ക് എന്തും ഏതും എത്തിച്ചു കൊടുക്കുന്ന സുനി പല നടന്മാരെയും കുടുക്കാന്‍ പലതും ചിത്രീകരിച്ചിട്ടുണ്ടെന്ന് ലേഖകന്‍ വെളിപ്പെടുത്തുന്നു. നടിയെ ആക്രമിച്ച കേസില്‍ കള്ളന്മാര്‍ കപ്പലില്‍ തന്നെയുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് പല്ലിശേരി ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്.

0Shares