
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട നടൻ ദിലീപ് പറയുന്നതും ദിലീപിനെ അറസ്റ്റ് ചെയ്ത പോലീസ് പറയുന്നതും ശരിയാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ. രണ്ടുകൂട്ടരും പറയുന്നത് ശരിയാണെങ്കിലും ആര് പറയുന്നതാണ് കൂടുതൽ ശരിയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ കോടതിയലക്ഷ്യമാകും. കാര്യങ്ങള്‍ വിശദമാക്കി ഹൈക്കോടതിയില്‍ പോലീസ് ഉടന്‍ സത്യവാങ് മൂലം നല്‍കും. നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി തനിക്ക് ജയിലില്‍ നിന്ന് കത്തയച്ച കാര്യം അന്നുതന്നെ ഡി. ജി. പിയെ ഫോണിലൂടെയും വാട്‌സാപ്പിലൂടെയും അറിയിച്ചെന്നും രണ്ടുദിവസം കഴിഞ്ഞ് രേഖാമൂലം പരാതി നല്‍കിയെന്നുമാണ് ദിലീപ് കോടതിയെ അറിയിച്ചത്.

അതേസമയം സംഭവം നടന്ന് 20 ദിവസത്തിനു ശേഷമാണ് ദിലീപ് പരാതിപ്പെട്ടത് എന്നായിരുന്നു പോലീസിന്റെ വാദം. ദിലീപ് സംഭവവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായിരുന്നു. അങ്ങനെയുളള ഒരാളില്‍ നിന്നും പരാതി ലഭിച്ചാല്‍ അത് സംബന്ധിച്ച് പല കാര്യങ്ങളും പോലീസിന് അന്വേഷിക്കേണ്ടതുണ്ട്. എന്തെങ്കിലും കാര്യങ്ങളില്‍ സംശയം തോന്നിയാല്‍ പലതും കൂടുതല്‍ അന്വേഷിക്കേണ്ടി വരും. അത് പൊലീസ് ചെയ്തിട്ടുണ്ടെന്നും ബെഹ്‌റ വിശദമാക്കി.
