
തിരുവനന്തപുരം: കഴിഞ്ഞ ദിവസം സംസ്ഥാനപോലീസിന്‍റെ തലപ്പത്ത് വന്‍ അഴിച്ചുപണികള്‍ സര്‍ക്കാര്‍ നടത്തിയിരുന്നു. അഴിച്ചുപണി വാര്‍ത്തകള്‍ക്കിടയിലൂടെ ആരും അധികം ശ്രദ്ധപതിപ്പിക്കാത്ത ഒരു കാര്യത്തിലും കേരളാ സര്‍ക്കാര്‍ കൈകടത്തി. മാധ്യമങ്ങളും ജനങ്ങളും ഓരോ ദിവസവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് , കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണസംഘം നടത്തുന്ന അന്വേഷണവും പുരോഗതിയും. വളരെ മികച്ച നിലയില്‍ നടക്കുന്ന അന്വേഷണം എന്ന് ഇതിനകം തന്നെ എല്ലാവരും അഭിപ്രായപ്പെടുന്ന ഈ സംഘത്തില്‍ കേസിന്റെ അന്വേഷണ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെയും സ്ഥലം മാറ്റിയിരിക്കുകയാണ് സര്‍ക്കാര്‍. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതല വഹിക്കുന്ന ഐ. ജി ദിനേന്ദ്ര കശ്യപിനെ തൽസ്ഥാനത്ത് നിന്നും മാറ്റി, പോലീസ് ആസ്ഥാനത്തെ ഐ. ജിയായാണ് ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്. ഇത് അന്വേഷണത്തെ എത്രത്തോളം ബാധിക്കുമെന്നത് കണ്ടറിയേണ്ടതാണ്.

എ. ഡി. ജി. പി മുതൽ എസ്പി വരെയുള്ള ഉദ്യോഗസ്ഥർക്കാണ് സ്ഥാനചലനം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. പോലീസ് ആസ്ഥാനത്തെ എ. ഡി. ജി. പി ടോമിൻ തച്ചങ്കരിയെ ഫയർഫോഴ്സ് കമാൻഡന്റ് ജനറലാക്കി നിയമിച്ചു. നിലവിൽ ഫയർഫോഴ്സിലായിരുന്ന ഡിജിപി ഹേമചന്ദ്രനെ പുതിയ ക്രൈംബ്രാഞ്ച് മേധാവിയാക്കി. ഗതാഗത കമ്മീഷണർ എസ് ആനന്ദകൃഷ്ണനാണ് പോലീസ് ആസ്ഥാനത്തെ പുതിയ എ. ഡി. ജി. പി. എസ് ആനന്ദകൃഷ്ണന് പകരം വിജിലൻസ് എ. ഡി. ജി. പി അനിൽകാന്തിനെയാണ് പുതിയ ഗതാഗത കമ്മീഷണറായി നിയമിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവി നിതിൻ അഗർവാളിനെ വൈദ്യുതി ബോർഡ് വിജിലൻസ് എ. ഡി. ജി. പിയായും നിയമിച്ചു. ഇന്റലിജൻസ് വിഭാഗത്തിലും സർക്കാർ സമഗ്രമായ അഴിച്ചുപണി നടത്തിയിട്ടുണ്ട്.
