
നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്റെ കയ്യിലുള്ള മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് പ്രതി ദിലീപിന് നല്‍കേണ്ടതില്ലെന്ന് സുപ്രീംകോടതി.ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. അതേസമയം, ദിലീപിന് ദൃശ്യങ്ങള്‍ ഉപാധികളോടെ പരിശോധിക്കാമെന്നു സുപ്രിംകോടതി അറിയിച്ചു.
പ്രോസിക്യൂഷന്‍റെ കൈയിലുള്ള മെമ്മറി കാര്‍ഡിലെ ഉള്ളടക്കം ലഭിക്കാനായാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചത്. ദൃശ്യങ്ങള്‍ കേസിലെ രേഖയാണെന്നും അത് പരിശോധിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നുമാണ് ദിലീപിന്‍റെ വാദം. വാട്ടര്‍ മാര്‍ക്ക് അടക്കമുള്ള കര്‍ശന വ്യവസ്ഥകളോടാണെയെങ്കിലും ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് കൈമാറണമെന്നും എന്നാല്‍ മാത്രമേ കേസിലെ തന്‍റെ നിരപരാധിത്യം തെളിയിക്കാനാകൂ എന്നും ദിലീപ് ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ ഈയാവശ്യത്തെ സംസ്ഥാന സര്‍ക്കാരും നടിയും കോടതിയില്‍ എതിര്‍ത്തു.കേസില്‍ നേരത്തേ കക്ഷി ചേര്‍ന്ന നടി പ്രതിക്ക് ദൃശ്യങ്ങള്‍ കൈമാറുന്നത് ഇര എന്ന നിലയില്‍ തന്‍റെ സ്വകാര്യതയ്ക്കും സംരക്ഷണയ്ക്കും ഭീഷണിയാണെന്ന വാദം കോടതി അംഗീകരിച്ചു.ഇത്തരം കാര്യത്തില്‍ തന്‍റെ മൗലീകാവകാശം കൂടി കണക്കിലെടുക്കണമെന്നും നടി ചൂണ്ടിക്കാട്ടിയിരുന്നു.
ദിലീപിന് വേണ്ടി കോടതിയില്‍ ഹാജരായത് മുകുള്‍ റോഹ്തഗികയായിരുന്നു. രണ്ടുവര്‍ഷമായ കേസില്‍ ഇതുവരെ വിചാരണ പോലും തുടങ്ങിയിട്ടില്ല. 2017 നവംബറിലാണ് കേസില്‍ ദിലീപിനെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
