ദേശീയ തലത്തിലെ ദയനീയ പരാജയത്തില്‍ കോണ്‍ഗ്രസില്‍ രാജി തുടങ്ങി; ഇന്നു രാജിവെച്ചത് രണ്ട് സംസ്ഥാന അധ്യക്ഷന്മാരും പ്രചാരണവിഭാഗം തലവനും

  • Post category:news
  • Reading time:1 min read
You are currently viewing ദേശീയ തലത്തിലെ ദയനീയ പരാജയത്തില്‍ കോണ്‍ഗ്രസില്‍ രാജി തുടങ്ങി; ഇന്നു രാജിവെച്ചത് രണ്ട് സംസ്ഥാന അധ്യക്ഷന്മാരും പ്രചാരണവിഭാഗം തലവനും

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ രണ്ടാംവട്ടവും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതോടെ പാര്‍ട്ടിക്കുള്ളില്‍ കൂട്ടരാജി. വന്‍ പരാജയങ്ങള്‍ നേരിട്ട ഉത്തര്‍പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാര്‍ ഇതോടകം രാജി സമര്‍പ്പിച്ചുകഴിഞ്ഞു. കര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ പ്രചാരണവിഭാഗം തലവനും രാജിനല്‍കി. യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍, ഒഡിഷയിലെ അധ്യക്ഷന്‍ നിരഞ്ജന്‍ പട്‌നായിക് എന്നിവരും കര്‍ണാടകയിലെ പ്രചാരണവിഭാഗം തലവന്‍ എച്ച്.കെ പാട്ടീലുമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു രാജിക്കത്ത് അയച്ചത്.

നേരത്തേ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു രാജിവെയ്ക്കാന്‍ തയ്യാറാണെന്നു രാഹുലും വ്യക്തമാക്കിയിരുന്നു. രാഹുലിനെ പിന്തിരിപ്പിക്കാന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും സോണിയാ ഗാന്ധിയും ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളില്‍ 63 എണ്ണത്തില്‍ ബി.ജെ.പി ജയിക്കുകയും രാഹുലിന്‍റെ സീറ്റ് പരാജയപ്പെട്ടതുമാണ് രാജിവെയ്ക്കാന്‍ ബബ്ബറിനെ പ്രേരിപ്പിച്ചത്. പരാജയത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തു രാജിവെയ്ക്കുകയാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി 33 പൊതുയോഗങ്ങളിലാണ് ഉത്തര്‍പ്രദേശില്‍ മാത്രം പങ്കെടുത്തത്. ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള നേതാക്കളും സംസ്ഥാനത്തു സജീവമായിരുന്നു. എന്നാല്‍ സോണിയയുടെ റായ്ബറേലി മാത്രമാണ് കോണ്‍ഗ്രസിനു ലഭിച്ചത്.

0Shares