
അബുദാബി: നാൽപത്തിയാറാമത് ദേശീയദിനാഘോഷത്തിന് വാഹനങ്ങൾ അലങ്കരിക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. നവംബർ 22 മുതൽ ഡിസംബർ ആറ് വരെയാണ് വാഹനങ്ങൾ അലങ്കരിച്ച് നിരത്തിലിറക്കാൻ അബൂദബി പൊലീസ് അനുമതി നൽകിയിരിക്കുന്നത്.

വാഹനത്തിന്റെ നിറം മാറ്റുക, ശബ്ദം വർധിപ്പിക്കുന്ന സാമഗ്രികൾ ഘടിപ്പിക്കുക, ലൈസൻസ് പ്ലേറ്റുകളും വിൻഡ് സ്ക്രീൻ കവറുകളും മറയ്ക്കുക എന്നിവയും അനുവദനീയമല്ലെന്ന് ഗതാഗത പട്രോൾ ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖലീലി വ്യക്തമാക്കി. അനുവദനീയമായതിൽ കൂടുതൽ ആളുകളെ വാഹനത്തിൽ കൊണ്ടുപോകാൻ പാടില്ല. യാത്രക്കാരുടെ ശരീര ഭാഗങ്ങൾ വാഹനത്തിന് പുറത്തിടരുത് തുടങ്ങിയ നിർദേശങ്ങളുമുണ്ട്. ഗതാഗതത്തിന് തടസ്സമാകുന്ന വിധം വാഹനമോടിക്കരുത്.
ദേശീയദിന ആഘോഷവേളയിൽ അബൂദബി നഗരത്തിലും അൽഐനിലും പടിഞ്ഞാറൻ മേഖലയിലും നിയമലംഘനം നടക്കുന്നില്ലെന്നും ഗതാഗതം സുഗമമാകുന്നതിനും കൂടതൽ കാമറകളും റഡാറുകളും സ്ഥാപിച്ച് ഗതാഗത പട്രോൾ ഡയറക്ടറേറ്റ് നിരീക്ഷണം നടത്തും.
