ദേവാലയങ്ങളില്‍ കുഞ്ഞുപെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ മലയാളികള്‍ക്ക് മുന്‍പിലേക്ക് ഒരു വിഷുക്കാലം കടന്നുവരുന്നു; വിത്തിന്‍റെയും കൈക്കോട്ടിന്‍റെയും വിഷു സന്ദേശം ഇനി എന്നാണ് നമ്മള്‍ തിരിച്ചറിയുക? വിഷവിളകള്‍ ഉണ്ട്, മനസ്സിലും ചിന്തയിലും വിഷം തീണ്ടിയ നമ്മള്‍ എന്നാണ് തരിശിട്ട നിലങ്ങളില്‍ വിളയിറക്കുക?

  • Post category:news
  • Reading time:2 mins read
You are currently viewing ദേവാലയങ്ങളില്‍ കുഞ്ഞുപെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ മലയാളികള്‍ക്ക് മുന്‍പിലേക്ക് ഒരു വിഷുക്കാലം കടന്നുവരുന്നു; വിത്തിന്‍റെയും കൈക്കോട്ടിന്‍റെയും വിഷു സന്ദേശം ഇനി എന്നാണ് നമ്മള്‍ തിരിച്ചറിയുക? വിഷവിളകള്‍ ഉണ്ട്, മനസ്സിലും ചിന്തയിലും വിഷം തീണ്ടിയ നമ്മള്‍ എന്നാണ് തരിശിട്ട നിലങ്ങളില്‍ വിളയിറക്കുക?

ഉരുകി ഒലിക്കുന്ന മേടവെയിലിന്‍റെ ഉഷ്ണസഞ്ചാരത്തിനു മേല്‍ വേനല്‍ മഴയുടെ പനിനീര്‍ പതിക്കുമ്പോള്‍ നന്ദിസൂചകമായി ഭൂമി കണിക്കൊന്നയില്‍ കനകം വിരിയിക്കുന്നു. മലനാടിന്‍റെ മണ്ണിലും മനസ്സിലും തലപ്പൊക്കമുള്ള കൊന്നകള്‍ തിടമ്പേറ്റി തലയാട്ടിനില്‍ക്കുമ്പോള്‍ മലയാളി വിഷുഉത്സവത്തിന് അണിഞ്ഞൊരുങ്ങുന്നു. പ്രകൃതി കുടമാറ്റമാടുന്ന ഗ്രാമതട്ടകങ്ങളിലേക്ക് ഓടിയെത്തുന്ന മനസ്സിന്‍റെ ബാല്യം ഗൃഹാതുര കണിക്കാഴ്ചകളിലേക്ക് കണ്‍മിഴിക്കുന്നു. വിഷു ഇന്ന് ഓര്‍മ്മകളുടെ ശ്രാദ്ധദിനം കൂടിയാണ്. ഇങ്ങിനി വരാതെ മരിച്ചുമറഞ്ഞ പുഴയുടെ, മസ്തകമുടഞ്ഞു മരിച്ച മലയുടെ, തലമുറകള്‍ക്ക് തണല്‍സാന്ത്വനവും തേന്‍കനിയുമേകി നിന്ന് അകാലത്തില്‍ കടമുറിഞ്ഞു മരിച്ച മരങ്ങളുടെ, തീപിടിച്ച ചിറകുമായി പറന്നുമറഞ്ഞ വേഴാമ്പലുകളുടെ, പാതിവഴിയില്‍ മടങ്ങിപ്പോയ ഞാറ്റുവേലകളുടെ… ഓര്‍മ്മ ഉണര്‍ത്തുന്ന വിഷുക്കാലം.

കലിയുഗാരംഭമായ വര്‍ഷപ്രതിപദയോടു ചേര്‍ന്നുതന്നെ മലയാളിയുടെ പുതുവര്‍ഷപ്പിറവിയായ വിഷുവും കടന്നുവരുന്നു. പോയവര്‍ഷത്തിന്‍റെ കഷ്ടനഷ്ടങ്ങള്‍ മറന്ന് നന്മയുടെയും മേന്മയുടെയും സൗവര്‍ണ്ണസുദിനങ്ങള്‍ കണികണ്ട് മലയാളി പുതുവത്സരത്തെ വരവേല്‍ക്കുന്നു. ഓട്ടുരുളിയുടെ പാരമ്പര്യത്തിളക്കത്തില്‍ കണിവെള്ളരിയും കണിക്കൊന്നയും കണ്‍നിറയെ കണ്ട് കൈനീട്ടവും കൈ ക്കൊണ്ട് പുത്തരിയുണ്ടു നിറഞ്ഞ മനസ്സോടെ നഗരത്തിരക്കിലേക്കു വീണ്ടും മടങ്ങുന്ന മലയാളി ജൈവബന്ധത്തിന്‍റെ പൊക്കിള്‍ക്കൊടി അറ്റുപോയ ഒരു തലമുറ ഇവിടെ വളര്‍ന്നുവരുന്നതറിയുന്നതേ യില്ല. പുതുമഴയേറ്റ മണ്ണിന്‍റെ നിശ്വാസഗന്ധമറിയാത്ത, നാട്ടുമാമ്പഴച്ചുന പുള്ളികുത്തിയ ഓര്‍മ്മകളേതുമില്ലാത്ത… വേനലറുതിയിലെ ആലിപ്പഴമഴ ഏറ്റുനനയാത്ത… പുതുതലമുറക്ക് വിഷു ഇനി ഗൃഹാതുരത്വമേകുമെന്ന് കരുതാന്‍ വയ്യ.

സൈബറിടങ്ങളില്‍ ജീവിതം വായിക്കുന്ന യന്ത്രയുഗത്തിന്‍റെ സന്തതികള്‍ അങ്ങാടിയിലെ ചുംബനമഹോത്സവങ്ങളില്‍ പുതുമ തിരയുമ്പോള്‍ പെണ്‍പീഡനത്തിന്‍റെ കണി ക്കാഴ്ചകളുമായി പത്രത്താളുകള്‍ നിരക്കുകയായി… പിഞ്ചുപെണ്‍കുഞ്ഞും മുത്തശ്ശിയമ്മയും പീഡനത്താളിലെ കൗതുക വാര്‍ത്ത മാത്രമാകുന്ന കാലത്ത് വിഷുക്കണിനന്മയിലേക്ക് ഇനി എന്നാണ് നാം കണ്ണുതുറക്കുക? വെട്ടിപ്പിടിച്ച മലമുടികളില്‍ പഞ്ചനക്ഷത്രവേശ്യാലയങ്ങളൊരുക്കാനുള്ള തിരക്കില്‍ മഴമേഘങ്ങള്‍ അകന്നു പോയതറിയാത്ത നമ്മള്‍ കൃത്രിമ മഴയുടെ പൊങ്ങച്ചവാക്കില്‍ വാപിളര്‍ന്നു നിന്നുപോകുന്നു. നവതാരുണ്യങ്ങളുടെ കഴുത്തറുത്ത ചോരമഴയില്‍, വാഴുന്നോര്‍ ചിരിച്ചാര്‍ക്കുന്ന കേരളനാട്ടില്‍ വിഷുപ്പക്ഷിയുടെ പാട്ട് ഭയചകിതമായി പറന്നു പോകുന്നു. എങ്കിലും കവിവാക്യങ്ങളുടെ തപോബലത്തില്‍ വിഷു വീണ്ടും വരുകയായി… നന്മമനസ്സിന്‍റെ വീണ്ടെടുപ്പുത്സവമായി കണിക്കൊന്നകള്‍ ചിരിത്തൊങ്ങല്‍ ചാര്‍ത്തി ചമഞ്ഞുകഴിഞ്ഞു.

‘വിഷുക്കാലമല്ലേ കണിക്കൊന്നയല്ലേ….
പൂക്കാതിരിക്കാനെനിക്കാവുകില്ലേ”
എന്നു പ്രഖ്യാപിച്ചുകൊണ്ട് കൊന്ന മരങ്ങള്‍ ചിരിച്ചുല്ലസിക്കുമ്പോള്‍ മലയാള മണ്ണില്‍ വിഷു വിരുന്നുവരുന്നു. വിത്തിന്‍റെയും കൈക്കോട്ടിന്‍റെയും വിഷു സന്ദേശം ഇനി എന്നാണ് നമ്മള്‍ തിരിച്ചറിയുക? വിഷവിളകള്‍ ഉണ്ട്, മനസ്സിലും ചിന്തയിലും വിഷം തീണ്ടിയ നമ്മള്‍ എന്നാണ് തരിശിട്ട നിലങ്ങളില്‍ വിളയിറക്കുക? കൈതയും കാശാവും കണിക്കൊന്നയും അതിരിട്ട നാട്ടുവഴികള്‍ താണ്ടി വിഷുഉത്സവം കടന്നുവന്ന ഗ്രാമവിശുദ്ധി ഓര്‍മ്മകളില്‍ കണിക്കാഴ്ച ഒരുക്കി നില്‍ക്കുമ്പോള്‍, ശേഷിപ്പുകളെ ശേഖരിച്ച് നമുക്ക് ഇന്നിന്‍റെ കണി ഒരുക്കാം… വിശുദ്ധിയുടെ വിചാരങ്ങള്‍ കണികണ്ടുണരാം. എല്ലാ വായനക്കാര്‍ക്കും ചാനല്‍ ആര്‍.ബിയുടെ വിഷു നവവത്സര ആശംസകള്‍.

0Shares