കൊച്ചി: ശബരിമല വിഷയത്തില്‍ ‘ദുരുദ്ദേശപരമായി’ ഹര്‍ജി നല്കിയ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതി 25,000 രൂപ പിഴ വിധിച്ചു. ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടിയാണ് ശബരിമല പ്രശ്നം കോടതിയില്‍ ഉന്നയിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. വികൃതമായ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉള്ളത്. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പിഴ വിധിക്കുകയാണെന്നും കോടതി പറഞ്ഞു.
ശബരിമിലയില്‍ ഭക്തരെ പൊലീസ് പീഡിപ്പിക്കുകയാണെന്നും തനിക്ക് നേരെയും പീഡനം ഉണ്ടായെന്നും മറ്റും ആരോപിച്ച് ഇക്കാര്യത്തില്‍ ഹൈക്കോടതി നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ശോഭാ സുരേന്ദ്രന് കോടതി പിഴ വിധിച്ചത്. സര്‍ക്കാരിന് വേണ്ടീ സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ പി നാരായണന് ഹാജരായി. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി ഉള്‍പ്പെട്ട ബെഞ്ചാണ് പിഴ വിധിച്ചത്. അതേസമയം ശബരിമയിലെ പൊലീസ് നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ചുമത്തിയ പിഴ അടക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് പ്രതികരിച്ചു. ഹൈക്കോടതിക്ക് മുകളിലും കോടതിയുണ്ട്. ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം. വിലകുറഞ്ഞ പ്രശസ്തി തനിക്ക് ആവശ്യമില്ല. കോടതി പറയുന്നതെല്ലാം അംഗീകരിക്കാനാകില്ല. ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞതിനെക്കുറിച്ച് തനിക്ക് അറിയില്ല. അക്കാര്യം അഭിഭാഷകനോട് ചോദിക്കണമെന്നും ശോഭ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
‘ദുരുദ്ദേശപരമായി’ ഹര്‍ജി നല്കിയ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതി 25,000 രൂപ പിഴയിട്ടു; ഹൈക്കോടതിക്ക് മുകളിലും കോടതിയുണ്ടെന്നും പിഴ അടക്കില്ലെന്നും ശോഭാ സുരേന്ദ്രന്